X

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

webdesk13: