X

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.

ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതിയെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാന വാദം. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തതയില്ല. ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണ്. പരാതിക്കാരി സാധാരണക്കാരിയല്ല. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖ് പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

webdesk14: