സ്വന്തം മന്‍കി ബാത്ത് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ മുസ്‌ലിമിന്റെ മന്‍കി ബാത്തും കേള്‍ക്കണമെന്ന് ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി. രാജ്യത്താകമാനം ‘വെറുപ്പിന്റെ കൊടുങ്കാറ്റ്’ വ്യാപിക്കുന്നതിലുള്ള ആശങ്ക വെള്ളിയാഴ്ചയാണ് ഇമാം പങ്കുവെച്ചത്. നൂഹ് കലാപം, ട്രെയിനില്‍ വെച്ച് 4 പേരെ റെയില്‍വേ പൊലീസുകാരന്‍ കൊന്ന സംഭവം തുടങ്ങിയവ ഉദ്ധരിച്ച് വെള്ളിയാഴ്ച ഡല്‍ഹി ജമാ മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയിലായിരുന്നു ഇമാമിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സമുദായത്തിലെ ബുദ്ധിജീവികളുമായി സംവദിക്കണമെന്നും ഷാഹി ഇമാം ആവശ്യപ്പെട്ടു.
‘രാജ്യത്തെ നിലവിലുള്ള സാഹചര്യമാണ് എന്നെ സംസാരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. രാജ്യത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. വിദ്വേഷ കൊടുങ്കാറ്റ് രാജ്യത്തെ സമാധാനത്തിന് അപകടകരമാണ്’ അഹ്മദ് ബുഖാരി പറഞ്ഞു.
നിങ്ങള്‍ നിങ്ങളുടെ മന്‍കി ബാത്താണ് പറയുന്നത്, മുസ്‌ലിംകളുടെ മന്‍കി ബാത്തും കേള്‍ക്കണം, നിലവിലുള്ള സാഹചര്യം കാരണം മുസ്‌ലിംകള്‍ ബുദ്ധിമുട്ടിലാണ്. അവരുടെ ഭാവിയെ കുറിച്ച് അസ്വസ്ഥരുമാണ്’ മോദിയുടെ മാസംതോറുമുള്ള റേഡിയോ പരിപാടിയെ മുന്‍നിര്‍ത്തി ഷാഹി ഇമാം പറഞ്ഞു. വിദ്വേഷവും സാമുദായിക സംഘര്‍ഷവും തടയുന്നതില്‍ നിയമം ദുര്‍ബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമര്‍ശിച്ചു.
‘ഒരു വിശ്വാസമുള്ള ജനങ്ങള്‍ തീര്‍ത്തും വെല്ലുവിളികള്‍ നേരിടുകയാണ്. മുസ്‌ലിംകളെയും അവരുടെ കച്ചവടങ്ങളെയും ബഹിഷ്‌കരിക്കാന്‍ പഞ്ചായത്തുകള്‍ കൂടി ആഹ്വാനങ്ങള്‍ ഉയരുകയാണ്. ലോകത്ത് 57 മുസ്‌ലിം രാജ്യങ്ങളുണ്ട്. അവിടെയൊക്കെ അമുസ്‌ലിംകളുമുണ്ട്. എന്നാല്‍ അവരുടെ ജീവനോ ജീവിത മാര്‍ഗങ്ങള്‍ക്കോ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല’ അഹ്മദ് ബുഖാരി ഓര്‍മിപ്പിച്ചു.
ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മോശമാകുകയാണെന്നും എന്തിനാണ് ഇന്ത്യയില്‍ വെറുപ്പുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനാണോ നമ്മുടെ പൂര്‍വികര്‍ സ്വാതന്ത്ര്യം നേടിത്തന്നതെന്നും മുസ്‌ലിംകളും ഹിന്ദുക്കളും വേറിട്ട് ജീവിക്കുമോയെന്നും അഹ്മദ് ബുഖാരി ചോദിച്ചു. സ്ഥിതിഗതികളുടെ നിയന്ത്രണം സര്‍ക്കാറിന്റെ കൈകളിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുസ്‌ലിം ബുദ്ധിജീവികളോട് സംവദിക്കണം. രാജ്യത്തെ മുസ്‌ലിംകള്‍ക്ക് വേണ്ടി ഇക്കാര്യം ഞാന്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ തയാറാണ്’ ഇമാം വ്യക്തമാക്കി. വിദ്വേഷ കൊടുങ്കാറ്റില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്രം മുസ്‌ലിം സമുദായവുമായി യോഗം ചേരണമെന്നും നിര്‍ദേശിച്ചു.