കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. ഇത്രയും ഗുരുതരമായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.
കുടുംബസ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുമ്പ് മുഖ്യമന്ത്രിയോട് പറഞ്ഞത്. തന്നോട് ഗണേഷ് കുമാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛന്‍ തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും കാണിച്ചു. മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.
2021 മെയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനു മുമ്പാണ് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മുഖ്യമന്ത്രിയെ കണ്ടത്. വില്‍പത്രത്തില്‍ തനിക്ക് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നും, ഗണേഷ് കുമാര്‍ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്നും ഉഷ ആരോപിച്ചിരുന്നു. ഇരുവരുടെയും പിതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രവുമായി ബന്ധപ്പെട്ടു ഉഷ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രി സ്ഥാനം നഷ്ടമായതെന്ന് പ്രചാരമുണ്ടായിരുന്നു.
2011ല്‍ ബാലകൃഷ്ണപിള്ള ജയിലിലായപ്പോള്‍ കൊട്ടാരക്കരയില്‍ ഉഷയെ മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ബാലകൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഗണേഷ് എതിര്‍ത്തതോടെയാണ് ഡോ.എ.എന്‍.മുരളി സ്ഥാനാര്‍ഥിയായതെന്നും പ്രചാരണമുണ്ടായിരുന്നു. മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറാന്‍ സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്‌നം അല്ലെന്നുമായിരുന്നു അന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
ഗണേഷിനെതിരെ 2021ല്‍ ഉഷ നല്‍കിയ പരാതി കൊട്ടാരക്കര സബ് കോടതിയുടെ പരിഗണനയിലാണ്. രേഖകളുടെ പരിശോധന പൂര്‍ത്തിയായി. കേസ് ഹിയറിങിലേക്ക് കടക്കുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണ സമയത്ത് രണ്ടു മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആന്റണി രാജുവിനു പകരം മന്ത്രിയാകേണ്ടത് ഗണേഷ് കുമാറാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തത്. പിന്നീട് ഗണേഷ് കുമാറിന്റെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.