ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി.
ആര്‍.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ കഴകം) പോസ്റ്റുകള്‍ക്കു പിന്നില്‍ രജനി അല്ലെങ്കില്‍ അദ്ദേഹം യുക്തിവാദി നേതാവ് പെരിയാറിന്റെ പേരില്‍ ഒരു പ്രസ്ഥാനം തുടങ്ങുന്നതായിരുന്നു നല്ലതെന്നും മുരസൊളി പറയുന്നു.
സമൂഹത്തില്‍ മാറ്റം വരുത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും രാഷ്ട്രീയത്തെ പണത്തിന്റെയും അധികാരമോഹത്തിന്റെയും പിടിയില്‍ നിന്നും മോചിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും ആര്‍.എം.എം അനുഭാവികളോട് രജനി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിക്കുമെന്ന് താങ്കള്‍ പറഞ്ഞുവെന്ന ചോദ്യവും ഡി.എം.കെ ഉന്നയിക്കുന്നു. ഞങ്ങള്‍ ആരാധകര്‍ താങ്കളെ വിശ്വസിച്ചു. എന്നാല്‍ നിങ്ങള്‍ ചിലരുടെ കയ്യിലെ കളിപ്പാട്ടമായി. അവരുടെ താളത്തിനനുസരിച്ചാണ് രജനികാന്ത് തുള്ളുന്നതെന്നും മുരസൊളിയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ ഉപതെരഞ്ഞെടുപ്പിനും സജ്ജമാകാന്‍ പ്രവര്‍ത്തകരോട് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിനായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ചെന്നൈയില്‍ ചേര്‍ന്ന ഡി.എം.കെ. ജില്ലാ സെക്രട്ടറിമാരുടെയും നിര്‍വാഹകസമിതി അംഗങ്ങളുടെയും യോഗത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.