വഖഫ് ബില്ലിനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിക്കുന്നതായി ബീഹാറിലെ പ്രമുഖ മുസ്‍ലിം സംഘടനയായ ‘ഇമാറാത്ത് ശരീഅത്ത്’.
ബീഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ഇമാറാത്ത് ശരീഅത്ത്, ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടക്കുന്ന ഇഫ്താറിനുള്ള ക്ഷണത്തിന് മറുപടിയായി കത്തിന്റെ ഒരു പകർപ്പ് പങ്കിട്ടു.
‘മാർച്ച് 23ന് നടക്കുന്ന സർക്കാർ ഇഫ്താറിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മുസ്‍ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വഖഫ് ബില്ലിനുള്ള താങ്കളുടെ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനം’ -കത്തിൽ പറയുന്നു.
‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യവും ഒരു നിയമ നിർമാണത്തിനുള്ള പിന്തുണയും താങ്കളുടെ പ്രഖ്യാപിത പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്ന്’ ഇമാറാത്ത് ശരീഅത്ത് ആരോപിച്ചു.