X

സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയില്‍ ഡല്‍ഹി പൂനെയെ തരിപ്പണമാക്കി

പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹിക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 205 റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹിക്ക് മുന്നില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പൂനെക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.108 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ രഹാനെ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ മടങ്ങിയപ്പോള്‍ ധോണി 11 റണ്‍സിന് പുറത്തായി. ഡല്‍ഹിക്കായി നായകന്‍ സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റ് നേടി. സഞ്ജുവാണ് കളിയിലെ കേമന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് നിശ്ചിത 20 ഓവറുകളില്‍ നാലു വിക്കറ്റിന് 205 റണ്‍സ് അടിച്ചെടുത്തു. റണ്ണൊന്നുമെടുക്കാതെ ആദിത്യ താരെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ചാഹറിന് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ സാം ബില്ലിങ്‌സും (24) സഞ്ജു സാംസണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഡല്‍ഹിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ നാല് ബൗണ്ടറികളോടെ 24 റണ്‍സെടുത്ത ബില്ലിങ്‌സിനെ ഇംറാന്‍ താഹിര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു പുറത്താക്കി. ബില്ലിങ്‌സ് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഋഷഭ് പാന്ത് കൂറ്റന്‍ അടികളിലൂടെ ടീമിന് മാന്യമായ സ്‌കോര്‍ കണ്ടെത്താന്‍ അവസരം നല്‍കുകയായിരുന്നു. ആദം സാംമ്പയുടെ ഒരു ഓവറില്‍ രണ്ട് സിക്‌സറുകളാണ് പാന്ത് അടിച്ചു കൂട്ടിയത്. 22 പന്തില്‍ 31 റണ്‍സെടുത്ത പാന്ത് റണ്ണൗട്ടായി. തകര്‍പ്പന്‍ ഫോമില്‍ കളിച്ച സഞ്ജു 61 പന്തില്‍ എട്ട് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 102 റണ്‍സെടുത്തു. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ദിന്‍ഡ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 19 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. 19-ാം ഓവറിലെ ആദ്യ പന്തില്‍ ആദം സാംമ്പയെ ലോങ് ഓഫിലൂടെ സിക്‌സറിന് പറത്തിയാണ് സഞ്ജു തന്റെ കന്നി ഐ.പി.എല്‍ സെഞ്ച്വറി കുറിച്ചത്. തൊട്ടടുത്ത പന്തില്‍ സാംമ്പയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്. പിന്നാലെ എത്തിയ ക്രിസ് മോറിസ് കത്തിക്കയറുകയായിരുന്നു. ഒമ്പത് പന്തില്‍ നിന്നും 38 റണ്‍സാണ് മോറിസ് അടിച്ചെടുത്തത്. ബെന്‍സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സാണ് ഡല്‍ഹി കുറിച്ചത്. ക്രിസ് മോറിസ് (38*) കോറി ആന്‍ഡേഴ്‌സണ്‍ (02*) പുറത്താകാതെ നിന്നു. ലേലത്തില്‍ ടീമുകള്‍ തഴഞ്ഞ് ഒടുവില്‍ പകരക്കാരനായി എത്തിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹിര്‍ തന്നെയായിരുന്നു ഇത്തവണയും പൂനെയ്ക്ക് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ 24 റണ്‍സ് വിട്ടു നല്‍കി താഹിര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

chandrika: