X

‘നിങ്ങൾ മുസ്‌ലിംകളെയും ക്രൈസ്തവരേയും ആക്രമിക്കുന്നു, വെറുപ്പ് പടർത്തുന്നു’; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ലോക്സഭയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.

‘ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്. കോൺഗ്രസ് നിങ്ങളെ ഭയക്കുന്നില്ല. നിങ്ങൾ കോൺഗ്രസിനെയാണ് ഭയക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, മുസ്‌ലിംകൾക്കെതിരെ, സിഖുകാർക്കെതിരെ, ക്രിസ്ത്യാനികൾക്കെതിരെ നിങ്ങൾ ആക്രമണം നടത്തുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നു’- രാഹുൽ പറഞ്ഞു.

‘ന്യൂനപക്ഷങ്ങൾ എന്ത് ചെയ്തു. അവർ ദേശഭക്തരാണ്. അവർ നമ്മുടെ രാജ്യത്തോടൊപ്പം പാറ പോലെ നിലയുറപ്പിച്ചിരിക്കുന്നു. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും നിങ്ങൾ ആക്രമിച്ചു. അവർക്കെതിരെ നിങ്ങൾ അക്രമവും വെറുപ്പ് പടർത്തുന്നു’- അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുകയും ആക്രമണങ്ങള്‍ നടത്തുകയുമാണ്. ബി.ജെ.പി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനങ്ങള്‍ എതിര്‍ത്തുവെന്നും രാഹുല്‍ വ്യക്തമാക്കി.

മണിപ്പൂര്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയും കര്‍ഷക, നീറ്റ്, അഗ്നിപഥ് വിഷയങ്ങള്‍ ഉയര്‍ത്തിയും രാഹുൽ രൂക്ഷവിമർശനമുന്നയിച്ചു. മണിപ്പൂരില്‍ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

700 കര്‍ഷകര്‍ രക്തസാക്ഷികളായി. പ്രതിഷേധിച്ച കര്‍ഷകരെ തീവ്രവാദികളാക്കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നല്‍കിയപ്പോള്‍ മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. അ​ഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്നിവീര്‍ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരില്‍ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: