ശ്രീനഗര്‍: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ ട്വിറ്റര്‍ പേജില്‍ ‘നിങ്ങള്‍ തനിച്ചല്ല’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത സൈനികന്റെ പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രം ഹൃദയം കവരുന്നതാണ്.
ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് നസീര്‍ അഹമദ് വാനിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നസീറിന്റെ മൃതദേഹ സംസ്‌കാര ചടങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിത്.
ഞായറാഴ്ച ഷോപിയാനില്‍ ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നസീര്‍ കൊല്ലപ്പെട്ടത്.
ഭീകര സംഘടനകളിലേക്ക് ആകൃഷ്ടനായിരുന്ന നസീര്‍ കശ്മീരിലെ അവരുടെ പ്രവര്‍ത്തനത്തിലെ അര്‍ഥശൂന്യത ബോധ്യപ്പെട്ട് സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയും പിന്നീട് പരിശീലനം നേടി സൈന്യത്തില്‍ ചേരുകയുമായിരുന്നു. 2004ലാണ് നസീര്‍ സൈന്യത്തില്‍ ചേരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഇടപെടലുകള്‍ പരിഗണിച്ച് 2007ലും 2017ലും സൈന്യം നസീറിനെ മെഡലുകള്‍ നല്‍കി ആദരിച്ചിരുന്നു. 38 കാരനായ നസീറിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.