വ്യാജസന്ദേശമയച്ച് ഒ.ടി.പി നമ്പർ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഒാഫീസിലെ ഓവർസിയർ ഹൊസ്ദുർഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ ‘ദേവീകൃപ’യിൽ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.
ജനുവരി 10-ന് രാവിലെ 11- ഓടെ ഇദ്ദേഹത്തിന്റെ മൊബൈൽഫോണിൽ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറിൽ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസിൽനിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാൾ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പർ മനോഹരയുടെ ഫോണിലേക്ക് വന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് നമ്പറും മനോഹര പറഞ്ഞുകൊടുത്തു. ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞ് ഫോൺ കട്ടുചെയ്തു.
അല്പസമയത്തിനുള്ളിൽ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കിൽ വിളിച്ച് വിവരം പറഞ്ഞു. ബാങ്കിന്റെ കൊൽക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസ്സിലായി.
ബാങ്ക് അധികൃതർ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴേക്ക് 3,69,990 രൂപ എടുത്തിരുന്നു. മനോഹരയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം തുടങ്ങി. സമാന രീതിയിൽ കാഞ്ഞങ്ങാട്ട് മറ്റൊരാളുടെയും മടിക്കൈ സ്വദേശിനിയുടെയും അരലക്ഷം രൂപയോളം നഷ്ടമായി.