ലക്‌നൗ: 74കുട്ടികളുടെ ദാരുണമായ അന്ത്യത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. സംസ്ഥാനം മുഴുവന്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സുല്‍ഖാന്‍ സിങിന് യോഗി നിര്‍ദേശം നല്‍കി.
കഴിഞ്ഞ പത്തുദിവസങ്ങളിലായി ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാണവായു കിട്ടാതെ 74 കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വരെ 70ആയിരുന്നു മരണസംഖ്യ. ഇന്ന് നാല് കുട്ടികള്‍ കൂടി മരിക്കുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം എല്ലാവരിലും ഒരു നീറ്റലായിരിക്കുമ്പോഴാണ് മന:സ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് വരുന്നത്. സംസ്ഥാനം മുഴുവന്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. ശ്രീകൃഷ്ണ ജയന്തി പ്രധാനപ്പെട്ട ഉത്സവമാണ്. അത് പരമ്പരാഗത രീതിയില്‍ ഗംഭീരമായി കൊണ്ടാടാന്‍ പോലീസ് മുന്‍കൈ എടുക്കണമെന്നാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തുണ്ടായ അതിദാരുണമായ സംഭവത്തില്‍ ഒട്ടും നീതിയില്ലാത്ത കാര്യമാണ് യോഗിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഇതിനോടകം ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.