X

മഹാകുംഭമേളയില്‍ നിന്നുള്ള വരുമാനം 2 ലക്ഷം കോടിയെന്ന് യോഗി; ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായെന്ന് പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളി

മഹാകുംഭമേളയില്‍ നിന്നുള്ള വരുമാനം രണ്ട് ലക്ഷം കോടിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുമ്പോഴും പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളിക്ക് രണ്ട് മാസമായി ശമ്പളം കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോയിലാണ് യുവാവിന്റെ ദാരുണാവസ്ഥ വെളിവാകുന്നത്. ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്‌കറാണ് വീഡിയോ പുറത്ത് വിട്ടത്.

വിഡിയോയില്‍ യുവാവ് തനിക്ക് ഭക്ഷണം കഴിക്കാന്‍ പണം നല്‍കാമോ എന്ന് ചോദിക്കുന്നതും താങ്കള്‍ ഇവിടെ ജോലി ചെയ്യുന്നില്ലേ പണം ലഭിക്കുന്നില്ലേ എന്ന് വീഡിയോ എടുത്ത വ്യക്തി തിരിച്ച് ചോദിക്കുന്നതും കാണാം. അപ്പോള്‍ യുവാവ് കുംഭമേളയില്‍ ശുചീകരണ പ്രവര്‍ത്തനം ചെയ്യുകയാണ് തന്റെ തൊഴിലെന്നും എന്നാല്‍ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി. ആരാണ് ശമ്പളം നല്‍കേണ്ടതെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നാണ് യുവാവ് പറയുന്നത്.

കുംഭമേളയില്‍ നിന്നും രണ്ട് ലക്ഷം കോടി രൂപയോ അതിലധികമോ വരുമാനം ലഭിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് കുംഭമേളയിലെ സാധാരണ ശുചീകരണ തൊഴിലാളിക്ക് രണ്ട് മാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍ വരുന്നത്.

45 ദിവസത്തിനുള്ളില്‍ ഏകദേശം 450 ദശലക്ഷം ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാ കുംഭമേള സംസ്ഥാനത്തിന്റെ ജി.ഡി.പിയില്‍ ഒരു ശതമാനത്തിലധികം വര്‍ധനവുണ്ടാക്കുമെന്നും കണക്കുകള്‍ പുറത്ത് വരുന്നുണ്ട്. 2019ല്‍ പ്രയാഗ്‌രാജില്‍ നടന്ന അര്‍ദ്ധ കുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.2 ലക്ഷം കോടി രൂപ സംഭാവന നല്‍കിയതായി യോഗി ആദിത്യനാഥ് പറഞ്ഞു.

‘ഈ വര്‍ഷം 40 കോടി ഭക്തര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാ കുംഭമേള രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ യോഗി അടുത്തിടെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

അതേസമയം മഹാകുംഭമേള വലിയതോതില്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ വിശ്വാസികള്‍ കുളിക്കുന്ന സംഗമ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മലമൂത്ര വിസര്‍ജ്യത്തിലൂടെയുണ്ടാവുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴി ഉണ്ടാവുന്ന ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വെള്ളത്തില്‍ വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുംഭമേളക്കിടയില്‍ ആള്‍ക്കൂട്ട അപകടങ്ങള്‍, തീപിടിത്തം, വാഹനാപകടം എന്നിവ നടന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധിച്ചിരുന്നു. വി.ഐ.പികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരായ തീര്‍ത്ഥാടകരെ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മമത പറഞ്ഞു.

webdesk13: