X
    Categories: indiaNews

യോഗി സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ കൊന്നുതള്ളിയത് 183 പേരെ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ആറു വര്‍ഷത്തെ ഭരണത്തില്‍ യു.പിയില്‍ ഇതുവരെ 183 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ്. വ്യാഴാഴ്ച സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി ആതീഖ് അഹമ്മദിന്റെ മകന്‍ അസദും സുഹൃത്ത് ഗുലാമും കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാര്‍ച്ചിനുശേഷം സംസ്ഥാനത്ത് 10,900ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഏറ്റുമുട്ടലുകളില്‍ 23,300 പ്രതികളെ അറസ്റ്റ് ചെയ്യുകയും 5,046 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തരം ഏറ്റുമുട്ടലുകളില്‍ 13 പൊലീസുകാര്‍ കൊല്ലപ്പെടുകയും 1,443 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ലോ ആന്റ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ അറിയിച്ചു. കാണ്‍പൂരില്‍ വെച്ച് കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുമായുണ്ടായ ഏറ്റുമുട്ടലിലാണ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് യു.പിയിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ പൊലീസ് പിന്നീട് വെടിവെച്ചുകൊന്നു.

യാത്രയ്ക്കിടെ വാഹനം മറിഞ്ഞപ്പോള്‍ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു പിന്നാലെ ചെറുതും വലുതുമായ നിരവധി കേസുകളിലെ പ്രതികളെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ പലതും വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമുണ്ട്. പ്രതികളെ പ്രത്യേക സ്ഥലങ്ങളിലെത്തിച്ച് കൊന്ന ശേഷം ഏറ്റുമുട്ടലാണെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നാണ് ആക്ഷേപം. അസദിനെയും ഗുലാമിനെയും കൊലപ്പെടുത്തിയതും ഇത്തരത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തില്‍ യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായാവതിയും രംഗത്തെത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

webdesk11: