ലക്‌നൗ: അനധികൃത അറവുശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയിലായി. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്ത അനധികൃത അറവുശാലകള്‍ പൂട്ടുന്നതിന് തീരുമാനമായത്. എന്നാല്‍ അറവുശാലകള്‍ മൊത്തമായും പൂട്ടുന്ന സാഹചര്യം വന്നതോടെ മൃഗങ്ങളും പട്ടിണിയിലായി.
പോത്തിറച്ചി ലഭ്യമല്ലാത്തത് ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് സിംഹത്തേയും കടുവയേയുമാണ്. ഓരോ ദിവസവും അവര്‍ക്ക് 12കിലോ ഇറച്ചിയാണ് ഭക്ഷിക്കാന്‍ നല്‍കുന്നത്. അറവുശാലകള്‍ക്ക് പൂട്ടുവീണതോടെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കോഴിയിറച്ചി നല്‍കിയെങ്കിലും അത് കഴിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി മൃഗശാലയിലെ ഇക്കൂട്ടര്‍ പട്ടിണിയെന്ന ദുരവസ്ഥയിലാണ്.
ഇറ്റാവ മൃഗശാലയിലേക്ക് ഒരു ദിവസം 235കിലോഗ്രാം ഇറച്ചിയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ അറവുശാലകള്‍ പൂട്ടിയതോടെ ലഭിച്ചിരുന്ന പോത്തറിച്ചി വെറും 80കിലോഗ്രാമായി താഴ്ന്നു. പോത്തിറച്ചിയുടെ അഭാവം കോഴിയിറച്ചികൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് മൃഗങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്നതാണ്. അമിതമായ രീതിയില്‍ കൊഴുപ്പുണ്ടാക്കുന്നതാണ് കോഴിയിറച്ചി. ഇത് മൃഗങ്ങള്‍ക്ക് കഴിക്കാന്‍ അനുയോജ്യവുമല്ല. എന്നാല്‍ സാഹചര്യം മോശമായതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കോഴിയിറച്ചി രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം മൃഗങ്ങള്‍ കഴിക്കാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുന്നതും മൃഗശാലയെ ദോഷകരമായി ബാധിക്കുകയാണ്.