യുപി കേരളമാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലോകത്തിന്റെ മുമ്പില്‍ പല സന്ദര്‍ഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുതെന്ന് പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്ത ഇവര്‍ക്ക് കേരളത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ല.
ക്രമ സമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളം അതില്‍നിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിര്‍ത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മള്‍ പുലര്‍ത്തിയ ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം നേട്ടങ്ങളിലേക്ക് യുപിക്ക് എത്തി നോക്കണമെങ്കില്‍ തന്നെ ചുരുങ്ങിയത് 25 വര്‍ഷം ഇനിയുമെടുക്കുമെന്നും പറഞ്ഞു.
സാംസ്‌കാരികവും, സാമ്പത്തികവും, സാമൂഹികവുമായ മേഖലകളില്‍ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും നമ്മുടെ പൂര്‍വ്വികരായ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനം തൊട്ട് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം മാറി മാറി വന്ന ജനാധിപത്യ സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ടന്നും കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളത്തിന് ഇന്ത്യയുടെ മുന്നില്‍ നടക്കാന്‍ സാധ്യമായിട്ടുണ്ടെന്നും മോഡി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളം പ്രവര്‍ത്തി പഥത്തില്‍ ഇത് കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
യുപി കേരളമാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണ്. ലോകത്തിന്റെ മുമ്പില്‍ പല സന്ദര്‍ഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുത്. ഇന്ത്യയെന്ന ഏകകത്തിന് ഒരു വിലയും കല്‍പ്പിക്കാതെ തന്നിഷ്ട്ടങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്ത ഇവര്‍ക്ക് കേരളത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ല. പതിറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നമുക്ക് കൈമോശം വന്ന് പോയാല്‍ യുപി യില്‍ സംഭവിക്കുന്നതുപോലുള്ള അനിഷ്ടകരമായ പലതും നമ്മുടെ സാംസ്‌കാരിക കേരളത്തിലും സംഭവിക്കും. അതില്ലാതിരിക്കാനാണ് നമ്മള്‍ ജാഗ്രത കാണിക്കേണ്ടത്.
ക്രമ സമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളം അതില്‍നിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിര്‍ത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മള്‍ പുലര്‍ത്തിയ ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ഇത്തരം നേട്ടങ്ങളിലേക്ക് യുപിക്ക് എത്തി നോക്കണമെങ്കില്‍ തന്നെ ചുരുങ്ങിയത് 25 വര്‍ഷം ഇനിയുമെടുക്കും.
സാംസ്‌കാരികവും, സാമ്പത്തികവും, സാമൂഹികവുമായ മേഖലകളില്‍ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണ്. കേരളത്തിന്റെ ഈ സ്ഥിതിവിശേഷത്തിന് പലതരത്തിലുമുള്ള കാരണങ്ങളുണ്ട്. നമ്മുടെ പൂര്‍വ്വികരായ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനം തൊട്ട് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം മാറി മാറി വന്ന ജനാധിപത്യ സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യ പരിരക്ഷ വളരെ സവിശേഷമാണ്. ഐക്യ കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സര്‍ക്കാറുകളെല്ലാം ആ മേഖലയില്‍ വലിയ ജാഗ്രത കാണിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് എല്ലാ ജില്ലകളിലും ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് എന്നത് ഇന്ത്യയിലെ തന്നെ വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നു. നമ്മുടെ വലിയ സമ്പത്തായ പ്രവാസികള്‍ മുഖേന വിദേശ നാണ്യം നേടുന്നതില്‍ നമ്മളെന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലേക്ക് GIM, Emerging Kerala പോലുള്ള നൂതന ആശയങ്ങള്‍ വന്നതിലൂടെ വ്യാവസായിക മേഖലയില്‍ കേരളം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ കൈവരിച്ച നേട്ടം അത്ഭുതകരമായിരുന്നു. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ നയമാണ് നമ്മള്‍ വെച്ച് പുലര്‍ത്തിയത്. എല്ലാ സമൂഹങ്ങളെയും മുഖ്യധാരയിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്ന ചരിത്ര ദൗത്യമാണ് നാം ഇതിലൂടെ നിര്‍വ്വഹിച്ചത്. പിന്നാക്ക പ്രദേശങ്ങളിലേക്ക് സര്‍വകലാശാലകള്‍ അനുവദിച്ചുകൊണ്ട് അതിന്റെ പ്രായോഗികവല്‍ക്കരണമാണ് യൂഡിഎഫ് ഭരണ കാലങ്ങളില്‍ കേരളം ദര്‍ശിച്ചത്.
സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളത്തിന് ഇന്ത്യയുടെ മുന്നില്‍ നടക്കാന്‍ സാധ്യമായിട്ടുണ്ട്. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ IT വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ലോകത്തിന് തന്നെ മാതൃകയായ അക്ഷയ പദ്ധതിക്ക് തുടക്കമായത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് IT സാക്ഷരത നല്‍കുക എന്ന പദ്ധതി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അതിന്റെ രണ്ടാം ഘട്ടമായിരുന്നു 2010-16 കാലത്തെ UDF ഭരണത്തില്‍ നടപ്പാക്കിയ ഡിജിറ്റല്‍ സ്‌റ്റേറ്റ് പദ്ധതി. മോഡി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളം പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.