ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിച്ചുവാങ്ങിയത് വിവാദമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകയായ സൈറ എന്നസ്ത്രീയുടെ ബുര്‍ഖയാണ് മൂന്ന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചു വാങ്ങിയത്. യോഗിയുടെ ബാലിയിലെ റാലിയില്‍ ഇന്നലെയാണ് സംഭവം. യുവതിയോട് ബുര്‍ഖ അഴിക്കണമെന്ന് ആവശ്യപ്പെടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടിയുടെ ആദ്യഭാഗത്തില്‍ യുവതി ബുര്‍ഖ ധരിച്ചാണ് ഇരിക്കുന്നത്. പിന്നീട് മൂന്നുപേരെത്തി ബുര്‍ഖ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നത് കാണാം. അഴിച്ചുമാറ്റിയ ബുര്‍ഖയുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. അതേസമയം, ബുര്‍ഖ അഴിച്ചുമാറ്റിയ വിഷയത്തില്‍ പ്രതികരണവുമായി യുവതി രംഗത്തെത്തി. ബുര്‍ഖയുടെ നിറം കറുപ്പ് ആയിരുന്നത് കൊണ്ടാണ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചിലതിനൊക്കെ ഇവിടെ നിരോധനമുണ്ടെന്നും ഒരു ദശാബ്ദത്തിലേറെയായി തന്റെ ഭര്‍ത്താവ് ബി.ജെ.പി.ക്കൊപ്പമാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ബുര്‍ഖ അഴിപ്പിച്ചതില്‍ കുഴപ്പമില്ലെന്നും അവര്‍ പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.