ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ പള്ളിയിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്ത് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഉയര്‍ന്ന ശബ്ദത്തില്‍ സന്ദേശങ്ങള്‍ പുറപ്പെടുവിച്ചെന്നാരോപിച്ചാണ് പഞ്ചാബിയന്‍ പള്ളിയില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ശബ്ദമലീനീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പള്ളിയിലെ ഉച്ചഭാഷിണികള്‍ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാര്‍ നീക്കം ചെയ്തതെന്നാണ് ചന്ദൗസ് പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.
പള്ളിയിലെ ഇമാം ഷക്കീല്‍ ഷംസിയുടെ പേരും അബ്ദുള്‍ ഷമദ് ഷംസിയുടെ മകന്‍ ഷക്കീല്‍ ഷംസി എന്നിവരുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 (പൊതുപ്രവര്‍ത്തകര്‍ പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനാദരവ്), 270 (പൊതുശല്യം), 292 (പൊതുശല്യത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശബ്ദ മലിനീകരണ നിയമത്തിലെ വ്യവസ്ഥകളും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്.
2022ല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു കൂട്ടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മതപരമായ ഘോഷയാത്രകളില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നിന്നായി 3,000ത്തിലധികം ഉച്ചഭാഷിണികളാണ് ഇതിനകം നീക്കം ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി, മതസ്ഥലങ്ങള്‍ പ്രധാനമായും ദൈവത്തിന് പ്രാര്‍ത്ഥന നടത്തുന്നതിനാണെന്നും ഉച്ചഭാഷിണികളുടെ ഉപയോഗം അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രസ്താവിച്ചിരുന്നു.
പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിലിഭിത്ത് ജില്ലയില്‍ നിന്നുള്ള ഒരാള്‍ സമര്‍പ്പിച്ച റിട്ട് ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്രയും ജസ്റ്റിസ് ദൊനാഡി രമേശും ഈ ഉത്തരവ് പുറപ്പെടുവിച്ചത്.