X

ഗ്യാന്‍വ്യാപി പള്ളിയല്ല, ശിവ ക്ഷേത്രമെന്ന് യോഗി ആദിത്യനാഥ്; വിവാദം

വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദ് പള്ളിയല്ലെന്നും ശിവക്ഷേത്രമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചില ആളുകള്‍ ഗ്യാന്‍വ്യാപിയെ മസ്ജിദ് എന്ന് വിശേഷിപ്പിക്കുന്നുണ്ടെന്നും അത് ദൗര്‍ഭാഗ്യകരമാണെന്നും ഖൊരക്പൂരില്‍ നടന്ന ഒരു സെമിനാറില്‍ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പതിനേഴാം നൂറ്റാണ്ടില്‍ ഇപ്പോഴുള്ള ഗ്യാന്‍വ്യാപി മസ്ജിദ് നിര്‍മിക്കുന്നതിന് മുമ്പ് ഒരു വലിയ ഹിന്ദു ക്ഷേത്രം അവിടെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്നും യോഗി ആദിത്യനാഥ് സെമിനാറില്‍ പറഞ്ഞു. നേരത്തെയും മസ്ജിദിനുമേല്‍ ഹിന്ദുത്വ വാദികള്‍ അവകാശം ഉന്നയിച്ചപ്പോള്‍ യോഗി പിന്തുണച്ചിരുന്നു.

എന്നാല്‍ യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും യോഗി ആദിത്യനാഥ് കോടതിയെ ബഹമാനിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനയില്‍ നിന്നും മനസിലാകുന്നതെന്നും എസ്.പി. നേതാവ് അബ്ബാസ് ഹൈദര്‍ പറഞ്ഞു.

നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി യോഗി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വലിയ തിരിച്ചടി നല്‍കിയിട്ടും അദ്ദേഹമിപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അബ്ബാസ് ഹൈദര്‍ പറഞ്ഞു.

അതേസമയം ഗ്യാന്‍വ്യാപി മസ്ജിദിന് മുകളില്‍ ഇസ്‌ലാം വിശ്വാസികള്‍ ആരാധന നടത്തുന്ന തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദത്വ വാദികള്‍ നല്‍കിയ ഒരു ഹരജി കഴിഞ്ഞ ദിവസം വാരണാസി കോടതി തള്ളിയിരുന്നു. പൂജ നടക്കുന്ന കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ അനുവദിക്കണമെന്നുമുള്ള ഹരജിയും കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ യോഗി ആദിത്യനാഥ് വിവാദ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

webdesk13: