അയോധ്യ: സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമായാണ് സ്ഥാപിക്കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്‌നിഷ് കുമാര്‍ അശ്വതി വെളിപ്പെടുത്തി. മൗറീഷ്യസിലെ ശിവ, ബാലിയിലെ രാമ പ്രതിമകളുടെ മാതൃകയിലായിരിക്കും നിര്‍മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു സംബന്ധിച്ച് ഗവര്‍ണര്‍ രാം നായികുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പ്രതിമാ നിര്‍മാണം. ഏകദേശം 195.89 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ടൂറിസം.
ഒക്ടോബര്‍ 18ന് അയോധ്യയില്‍ ദീപോത്സവം സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 171000 വിളക്കുകളാണ് കൊളുത്തിയാഘോഷിക്കുന്നത്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം രാമന്‍ അയോധ്യയിലേക്ക് തിരിച്ചുവന്നതിന്റെ ആഘോഷമാണ് ഇതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം 16 കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പ്രതിമാ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭീമമായ തുക മുടക്കുന്നത്.