വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരില്‍ എല്ലാവിധ മാംസ വില്‍പനയും നിരോധിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ഭരണഘടന ആണയിട്ട് അധികാരത്തിലേറിയ യോഗി ആദിത്യനാഥ് ഘോരഖ്പൂരില്‍ മാത്രമല്ല, മുസ്്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടിയിരിക്കുകയാണ്. സംഘ്പരിവാറുകാര്‍ അറവുശാലകളില്‍ അതിക്രമിച്ചുകയറി അവ തകര്‍ക്കുന്ന സംഭവവും പതിവായിരിക്കുന്നു. പ്രത്യക്ഷമായി പതിനായിരക്കണക്കിന് ആളുകളും പരോക്ഷമായി പത്തു ലക്ഷം പേരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. തലമുറകളായി ഇവിടെ അറവുശാലകള്‍ നടത്തിവരുന്നവര്‍ക്കെതിരെയാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ കിരാത നടപടിയെടുത്തിരിക്കുന്നത്.
അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതിന്റെ പേരില്‍ പലയിടത്തും അഴിഞ്ഞാടുകയാണ് ഉദ്യോഗസ്ഥരും സംഘി പ്രഭൃതികളും. അമ്പതോളം കച്ചവടക്കാരെ അറസ്റ്റുചെയ്യുകയും മുപ്പതോളം എഫ്.ഐ.എസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. എല്ലാ അറവുശാലകളും പൂട്ടാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണത്രെ. പാവപ്പെട്ട ഗ്രാമീണരാണ് ജീവിതവൃത്തിയായി ഈ തൊഴില്‍ ചെയ്തുവരുന്നത്. ഘോരഖ്പൂരിലെ എല്ലാ അറവുശാലകളും അനധികൃതമാണ് എന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള തെളിവു പോലും ചോദിക്കാതെയാണ് നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത നിരാശയിലും നിസ്സഹായാവസ്ഥയിലും കഴിയുകയാണ് ഈ സാധുക്കള്‍. ഒരു വിധ മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ തെരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെതന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. അനധികൃതമായ അറവുശാലകള്‍ പൂട്ടുമെന്നത് ബി.ജെ.പിയുടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതാണ്. അതനുസരിച്ചുള്ള നടപടിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ലാത്തവ പൂട്ടുന്നതിനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ നയമാണെന്നാണ് പറയുന്നതെങ്കില്‍ ലക്ഷ്‌ക്കണക്കിന് പേരുടെ ജീവനോപാധി ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ഇതിനിരയായവരുടെ ജോലിയും വരുമാന മാര്‍ഗവും പുനരധിവാസവും നിവൃത്തിച്ചുകൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ. ഇതിനായി എന്തു സമന്വയനീക്കവും തയ്യാറെടുപ്പുമാണ് ബി.ജെ. പി നടത്തിയിട്ടുള്ളത്. രാജ്യത്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ മാംസ-തുകല്‍ വ്യവസായത്തിന് മുഖ്യ പങ്കാണുള്ളത്. ഹിന്ദുക്കളടക്കം കോടികളുടെ തുകല്‍ ബിസിനസ് ചെയ്യുന്നുമുണ്ട്. 26,685 കോടി രൂപയുടെ ബിസിനസാണിത്. ഇതില്‍ മുസ്്‌ലിംകളാണ് ഏറ്റവും താഴേക്കിടയിലെ ജോലി ചെയ്തുവരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പത്തു കൊല്ലം മുമ്പ് നിശ്ചയിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനെട്ടുകോടി വരുന്ന മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആറു ശതമാനം മാത്രമാണ് രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിംകളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം. പലരുടെയും നില ആദിവാസികളുടെയും ദലിതുകളുടേതിനും തുല്യം. ദരിദ്രര്‍ ദേശീയ ശരാശരിയേക്കാളും കൂടുതലും.
ഇനി മാംസഭക്ഷണം കഴിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞാലും സാമാന്യജ്ഞാനമുള്ളവരാരും പറയില്ല. കാട്ടില്‍ വളര്‍ന്ന ആദിമ മനുഷ്യന്‍ മുതലുള്ള ഭക്ഷണമാണ് മാംസം. ഇന്ത്യയില്‍ ബ്രാഹ്മണരൊഴികെയുള്ളവരെല്ലാം അത് കഴിക്കാറുണ്ട്. അപൂര്‍വമായി ബ്രാഹ്മണരും. പശ്ചിമ ബംഗാളില്‍ ബ്രാഹ്മണര്‍ മല്‍സ്യ ഭക്ഷണം കഴിക്കാറുണ്ട്. അതിഥികള്‍ക്ക് ഇളം പശുവിന്റെ മാംസം ഭക്ഷിക്കാന്‍ നല്‍കണമെന്നാണ് ഹിന്ദു നവോത്ഥാനത്തിന്റെ വക്താവായി സംഘ്പരിവാരം ഉദ്‌ഘോഷിക്കുന്ന സ്വാമി വിവേകാനന്ദന്‍ വരെ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വൈദേശികളായ ആര്യന്മാരുടെ വക്താവായ ദനാനന്ദ സരസ്വതിയാണ് പശുവിനെ ഹിന്ദുവിശുദ്ധ ബിംബമാക്കി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതേറ്റുപിടിക്കുകയായിരുന്നു ചിലര്‍. രാജ്യത്തുതന്നെ പശുമാംസം ഭക്ഷിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. ബീഫ്, ആട്, കോഴി പോലുള്ളവക്കാണ് പ്രിയം കൂടുതല്‍. പല സംസ്ഥാനങ്ങളിലും പശുമാംസം നിരോധിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റെല്ലാ മാംസവും നിരോധിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതിന് ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം. അപ്പോള്‍ എന്താണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇനി പൗരന്മാരെല്ലാം സസ്യഭോജനത്തിലേക്ക് മാത്രമായി മടങ്ങണമെന്നാണോ ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍ അതിന് മറുപടി പറയേണ്ടത് രാജ്യം ഒന്നടങ്കമാണ്. അതോ ബ്രാഹ്മണ്യവ്യവസ്ഥിതി തിരിച്ചുകൊണ്ടുവരലാണോ ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്.
സബ്കാ സര്‍ക്കാര്‍, സബ്കാ വികാസ് എന്നാണ് പ്രധാനമന്ത്രി ഇടക്കിടെ പറയാറ്. ആദിത്യനാഥും ഇതുരുവിട്ടിരുന്നു. പക്ഷേ ഇതൊന്നും പ്രയോഗത്തിലുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ യു.പിയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും മുസ്്‌ലിംകള്‍ കൂടുതലുള്ളതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ തന്നെയാണ് കാല്‍ നൂറ്റാണ്ടുമുമ്പ് രാമന്റെ പേരില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് സംഘ്പരിവാറുകാര്‍ ഇതേതരത്തിലുള്ള വര്‍ഗീയ പ്രചാരണത്തിലൂടെ തച്ചുതകര്‍ത്തത്. സ്വന്തമായി എന്ത് ചിന്തിക്കണം, അണിയണം, എന്തുവിശ്വസിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഭരണഘടനാപരമായി പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍ നടത്തുന്ന ഇത്തരം അട്ടഹാസങ്ങള്‍ പാവപ്പെട്ട ജനതയോടുള്ള തുറന്ന യുദ്ധമാണ്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം എതിരാണ് ഈ നീക്കം. ഇതിനു മറുപടി പറയേണ്ടത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളൊന്നടങ്കമാണ്.