ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ ആര്‍എസ്എസ് നേതൃത്വം നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ സൂചനകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്ന വാര്‍ത്തകളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പുതിയ തീവ്ര മുഖം അവതരിപ്പിക്കാനാണ് ആര്‍എസ്എസ് നേതൃത്വം ആലോചിക്കുന്നത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എതിരാവുമെന്ന് ആര്‍എസ്എസ് നേതൃത്വം കണക്ക് കൂട്ടുന്നു. അത് മറികടക്കാന്‍ ആദിത്യനാഥിനെ കൊണ്ടുവന്ന് തീവ്രഹിന്ദുത്വ അജണ്ടകള്‍ കൂടുതല്‍ ശക്തമാക്കാനാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം ആലോചിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി ആദിത്യനാഥിന് വീരപരിവേഷം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവരെ ഏറ്റവും ക്രൂരമായി വേട്ടയാടിയ ഒരു സംസ്ഥാനം ഉത്തര്‍പ്രദേശായിരുന്നു. നിരപരാധികളായ മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടിയ യുപി പൊലീസ് അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹാത്രാസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ ദഹിപ്പിച്ച് കുടുംബത്തെ വീട്ടുതടങ്കലിലാക്കുകയാണ് പൊലീസ് ചെയ്തത്. ഇതെല്ലാം ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമാണ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭയവും വീരാരാധനയും ഒരുപോലെ സൃഷ്ടിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകളിലും ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത് മറികടക്കാനും ആദിത്യനാഥിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. 2002ല്‍ ഗുജറാത്തില്‍ കലാപം സൃഷ്ടിച്ച് മോദിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതുപോലെ ദളിതരേയും മുസ്‌ലിംകളേയും വേട്ടയാടി സവര്‍ണരെയും മധ്യവര്‍ഗത്തേയും കൂടെനിര്‍ത്താമെന്നാണ് ബിജെപി സ്വപ്‌നം കാണുന്നത്. മോദിയെക്കാള്‍ വലിയ ജനാധിപത്യവിരുദ്ധനാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ ആദിത്യനാഥും നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതടക്കമുള്ള കാര്യങ്ങള്‍ അതിന്റെ തെളിവാണ്. മോദി-അമിത് ഷാ കാലത്തിന് ശേഷം കൂടുതല്‍ ഹിന്ദുത്വ അജണ്ടയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്.