ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സംവിധായകനും പദ്മാവതിയായി വേഷമിട്ട ദീപികാപദുക്കോണും ശിക്ഷിക്കപ്പെടണമെന്ന് യോഗി പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് സഞ്ജയ് ലീല ബന്‍സാലിയക്കാണെങ്കിലും. എന്നാല്‍ അവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നത് കുറ്റകരമാണ്. അതേസമയം, ജനങ്ങളുടെ വികാരം മാനിക്കാതെയുള്ള ബന്‍സാലിയുടെ പ്രവൃത്തിയും കുറ്റകരമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അതുകൊണ്ട് സംവിധായകന്‍ ബന്‍സാലിയും പദ്മാവതിയായി വേഷമിട്ട ദീപികാപദുക്കോണും ശിക്ഷിക്കപ്പെടണമെന്നും യോഗി പറഞ്ഞു.
അതിനിടെ, ചിത്രത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റിലീസ് തിയ്യതി മാറ്റിവെച്ചു. നേരത്തെ ഡിസംബര്‍ ഒന്നിനാണ് പദ്മാവതി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നത്. നിശ്ചയിച്ച തിയ്യതിയില്‍ ചിത്രം റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് അറിയിക്കുകയായിരുന്നു. ഹൈന്ദവ സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്നാണ് കര്‍ണിസേനയുടെ ആരോപണം. കര്‍ണിസേനയം പിന്തുണച്ച് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തില്‍ നിന്നാണ് പദ്മാവതി രൂപീകരിച്ചതെന്ന് സംവിധായകന്‍ ബന്‍സാലി പറഞ്ഞു.