X

സ്വന്തം മണ്ഡലത്തിലെ പരാജയം: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യോഗി ആദിത്യാനാഥിനെ ബി.ജെ.പി ഒഴിവാക്കും

ബംഗളൂരു: ഉത്തര്‍പ്രദേശ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ യോഗി ആദിത്യനാഥിനെതിരെ ബിജെപി മുഖം തിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യോഗിയെ ബി.ജെ.പി ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് നേരത്തെ സ്വീകരിച്ച തീരുമാനം ബി.ജെ.പി സംസ്ഥാന നേതൃത്വം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇക്കാര്യം ബി.ജെ.പി കര്‍ണാടക നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ സാന്നിധ്യം കര്‍ണാടകയില്‍ ഉണ്ടായാല്‍ യു.പിയില്‍ ബി.ജെ.പിക്കേറ്റ പരാജയം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നീക്കം.

ബി.ജെ.പിയുടെ മുഖ്യ പ്രചാരകനായാണ് യോഗി ആദിത്യനാഥിനെ പാര്‍ട്ടി കണക്കാക്കുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തിലുണ്ടായ കനത്ത പരാജയം യോഗിക്കു കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന യോഗിയെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്നലെ രംഗത്തുവന്നിരുന്നു. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനാകാത്ത യോഗിയെ കര്‍ണാടകയില്‍ ആര് ഭയപ്പെടുന്നുവെന്ന് എ.ഐ.സി.സി വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.

chandrika: