പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജയുടെ സമയം മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു. യോഗിയുടെ റാലികള്‍ക്ക് നേരത്തേ പശ്ചിമബംഗാളില്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പശ്ചിമബംഗാളിലെ പ്രധാന ഉത്സവമാണ് ദുര്‍ഗാ പൂജ അത് കണക്കിലെടുത്താണ് മത വികാരം ഉണര്‍ത്താനുള്ള യോഗിയുടെ പുതിയ പ്രസ്താവന.
അക്രമങ്ങള്‍ മുതല്‍ മതവും ഹിന്ദുത്വവും വര്‍ഗീയതയും പ്രകടമായ ആയുധങ്ങളാക്കിയാണ് മമതക്കെതിരെ ബിജെപി പോരിനിറങ്ങുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ‘ജയ് ശ്രീറാം’ എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് അമിത് ഷാ നടത്തിയ ‘സേവ് റിപ്പബ്ലിക്’ റാലി ഇന്നലെ അക്രമാസക്തമായിരുന്നു.