ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് യോഗി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഒരു സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവുമെന്നും അതേസമയം, ഒരു പുരുഷന്റെ കഴിവ് സ്ത്രീക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസ്സുക്കളുമായി മാറുമെന്നുമായിരുന്നു യോഗിയുടെ ലേഖനത്തിലുള്ളത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമില്ലെന്നും സുരക്ഷിതത്വമാണ് വേണ്ടതെന്നും യോഗി പറയുന്നു. കുട്ടിക്കാലത്ത് അച്ഛനാലും, യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ മക്കളാലുമാണ് സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമാണ് വേണ്ടതെന്നും യോഗി ലേഖനത്തില്‍ പറയുന്നു.
പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെക്കുറിച്ചുള്ള ബി.ജെ.പിയുടെ ധാരണകളാണ് ലേഖനത്തിലുള്ളതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ യോഗിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടണമെന്നും രണ്‍ദീപ് ആവശ്യപ്പെട്ടു.