X

ഗുജറാത്തില്‍ ബി.ജെ.പിക്ക് അടിതെറ്റും: യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി. ജെ.പിക്ക് അടിതെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ യോഗേന്ദ്ര യാദവ്. ഇതുവരെ നടന്ന സര്‍വെകളുടെ അടിസ്ഥാനത്തിലാണ് യാദവിന്റെ വിലയിരുത്തല്‍.

ജനവികാരം ബി.ജെ.പിക്ക് അനുകൂലമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്തില്‍ നടത്തിയ സര്‍വെ പ്രകാരം ബി.ജെ.പി 30 ശതമാനം ലീഡ് നേടേണ്ടതാണ്. എന്നാല്‍ ഒക്ടോബറില്‍ ലീഡ് ആറ് ശതമാനമായി കുറഞ്ഞു. നവംബറില്‍ പൂജ്യം ശതമാനമായെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് എതിരായാണ് കാറ്റ് വീശുന്നത്. ബി.ജെ.പി ഗുജറാത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങും. അതൊരു രാഷ്ട്രീയ ഭൂകമ്പമായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

 

ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന എബിപി ന്യൂസ് സിഎസ്ഡിഎസിന്റെ അഭിപ്രായ സര്‍വ്വേഫലം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇരുകൂട്ടര്‍ക്കും 43 ശതമാനം വീതം വോട്ട് ലഭിക്കുമെന്നാണ് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഹര്‍ദിക് പട്ടേലിന്റെ ജനപ്രീതി കുറഞ്ഞതായും സര്‍വ്വേ ഫലം പറയുന്നു.

22 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് ഇത്തവണ എളുപ്പത്തില്‍ ഭരണത്തിലേറാന്‍ കഴിയില്ലെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ. 43 ശതമാനം വീതം വോട്ട് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കുമെന്ന് പറയുന്ന സര്‍വ്വേഫലം ഭൂരിപക്ഷം ബിജെപിക്കാകുമെന്നും പ്രവചിക്കുന്നു.

എന്നാല്‍ ഗോത്രവിഭാഗങ്ങളുടെ വോട്ട് ഇത്തവണ കോണ്‍ഗ്രസിനായിരിക്കും. ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ സമുദായത്തിന്റെ വോട്ട് ഇത്തവണ രണ്ട് ശതമാനം മാത്രമായിരിക്കും ബി.ജെ.പിയ്ക്ക് ലഭിക്കുക. ജി.എസ്.ടി മൂലം പ്രശ്‌നത്തിലായ വ്യാപാരികള്‍ ഇപ്പോഴും അതൃപ്തിയിലാണെന്നും സര്‍വ്വേയില്‍ പറയുന്നു.

ഡിസംബര്‍ 9 നും 14 നുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. 18 ന് ഫലമറിയാം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കണ്ട ജനപങ്കാളിത്തം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

chandrika: