X

യോഗാ കേന്ദ്രത്തിലെ പീഡനം: വീണ്ടും അന്വേഷണത്തിന് ഉത്തരവ്

 

  •  പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം
  •  കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി
  •  യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി

കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലും കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
പെണ്‍കുട്ടിയുടെ നേരിട്ടുള്ള മൊഴിയും പൊലീസ് രേഖപ്പെടുത്തിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ വി.ചിദംബരേഷ്, സതീഷ് നൈനാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായ പെണ്‍കുട്ടി തന്നെ രണ്ട് മാസം മുമ്പ് യോഗാ സെന്ററില്‍ മര്‍ദ്ദിച്ചതായി പരാതിപ്പെട്ടു. മുസ്‌ലിം യുവാവിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പിന്നീട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോയ കാലയളവില്‍ പെണ്‍കുട്ടിയെ യോഗാ സെന്ററില്‍ എത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ മനം മാറ്റാനാണ് യോഗാ സെന്ററില്‍ എത്തിച്ചതെന്നാണ് ആരോപണം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ പെണ്‍കുട്ടി യോഗാ സെന്ററില്‍ മര്‍ദ്ദനമേറ്റ വിവരം ന്യായാധിപരെ ധരിപ്പിക്കുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടിയെ കമ്മീഷണര്‍ ഓഫീസിലേക്ക് അയച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ വനിതാ എസ്.ഐയാണ് മൊഴി രേഖപെടുത്തിയത്. പൊലീസ് രേഖപ്പെടുത്തിയ മൊഴിയും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വിലയിരുത്തിയ കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കമ്മീഷണര്‍ മൊഴി രേഖപ്പെടുത്താത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍, തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി. യോഗാ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ വിവരം പെണ്‍കുട്ടി കോടതിയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ലെന്നും പുതിയ വെളിപ്പെടുത്തല്‍ സംശയകരമാണെന്നും മാതാപിതാക്കളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി യോഗാ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന 26 ദിവസവും മാതാവും ഒപ്പം ഉണ്ടായിരുന്നുവെന്ന മാതാവിന്റെ വാദം കോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം നിരസിച്ചു. തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും”ലൗ ജിഹാദ്” ആണെന്നും മാതാപിതാക്കളുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എല്ലാ കാര്യങ്ങള്‍ക്കും വര്‍ഗീയ നിറം നല്‍കുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

chandrika: