X

പ്രതിപക്ഷ പ്രതിഷേധത്തിന് വഴങ്ങി; കേന്ദ്ര മന്ത്രാലയങ്ങളിലേക്കുള്ള കരാര്‍ റിക്രൂട്ട്‌മെന്റ് ഉപേക്ഷിക്കാന്‍ കേന്ദ്രം

കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍. ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യ മേഖലയിലുള്ളവരെ മന്ത്രാലയങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.പി.എസ്.സിയോട് കേന്ദ്രം പറഞ്ഞു.

കഴിഞ്ഞ ദിവസം യു.പി.എസ്.സി പുറപ്പെടുവിച്ച പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രൂക്ഷമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം.

നീക്കം സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. യു.പി.എസ്.സി സംവരണ തത്വം പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

24 കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ എന്നിങ്ങനെ 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി ആളുകളെ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്.

10 ജോയിന്റ് സെക്രട്ടറി തസ്തികളിലേക്കാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതില്‍ ധനകാര്യം, ഇലക്ട്രോണിക് ആന്റ് ഐ.ടി മന്ത്രാലയങ്ങളിലെ രണ്ട് വീതം തസ്തികകളും പരിസ്ഥിതി, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക വിദ്യ, ആഭ്യന്തരം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളിലെ ഓരോ തസ്തികകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ശനിയാഴ്ചയാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് യു.പി.എസ്.സി പ്രഖ്യാപനമിറക്കുന്നത്. ഈ നിയമനങ്ങള്‍ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം പാലിക്കേണ്ടതില്ല. അതിനാല്‍ ആ ഒഴിവുകളിലേക്ക് സംഘ പരിവാര്‍ ബന്ധമുള്ളവരെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യാം.

അതേസമയം സംവരണാനുകൂല്യമുള്ള സാധാരണക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ഇത്തരം നിയമനങ്ങള്‍ വഴി നഷ്ടപ്പെടുകയും ചെയ്യും.

ഇത് കേന്ദ്ര സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും മറ്റൊരു ശ്രമം മാത്രമായിരുന്നുവെന്നാണ് നടപടിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാത്ത പക്ഷം, ആര്‍.എസ്.എസ് നേതാക്കള്‍ക്ക് കേന്ദ്ര തസ്തികകളിലേക്ക് വഴിവെട്ടി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിയും.

കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ഉന്നത സ്ഥാനം കൈയടക്കി വെക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സെബി. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മാധബി പുരി ബുച്ചാണ് നിലവില്‍ സെബിയുടെ ചെയര്‍പേഴ്‌സണ്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാക്കളെ യു.പി.എസ.സി പ്രഖ്യാപനത്തെ ചെറുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായാണ് രംഗത്തെത്തിയത്.

webdesk13: