X
    Categories: MoreViews

‘അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലെന്ന് യേശുദാസ്; ഒരുമിച്ച് ഫോട്ടോയെടുത്ത പ്രവാസി എഴുത്തുകാരന്റെ കുറിപ്പ് വൈറല്‍

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ യേശുദാസ് തടഞ്ഞ സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിലര്‍ യുവാവിനെ അനൂകൂലിച്ചും മറ്റു ചിലര്‍ യേശുദാസിനെ അനുകൂലിച്ചും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവാസി എഴുത്തുകാരനായ അനൂപിന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്. ദുബായില്‍വെച്ച് യേശുദാസിനെ കണ്ടതും ഒരുമിച്ച് ഫോട്ടോ എടുത്ത സംഭവവുമാണ് കുറിപ്പുലുള്ളത്. യേശുദാസിനൊപ്പമുള്ള ചിത്രവും അനൂപ് പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസ് വിവാദത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യേശുദാസിനോടൊപ്പം ചിത്രം എടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ അനുഭവം പങ്കുവെക്കാം.

ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ഞാന്‍ യേശുദാസിനെ കണ്ടു മുട്ടിയത്. യാത്ര സുഖമായിരുന്നോ എന്ന് ചോദിച്ചതിനു ശേഷം കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു . എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് യേശുദാസ് പറഞ്ഞു. അതിന്റെ കാരണം തിരക്കിയ എന്നോട് യേശുദാസ് ഇങ്ങനെയാണ് പറഞ്ഞത് :

” മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല . ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ ഓരോ തുരുത്തുകളായി ജീവിക്കുകയാണ് . ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല .”

വിമാനത്താവളത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല . അതുകൊണ്ട് കുറച്ചു നേരം കാത്തു നിന്നതിന് ശേഷമാണ് ഫോട്ടോ എടുക്കാന്‍ ഒരാളെ കിട്ടിയത് . യേശുദാസ് തന്നെയാണ് ആളോട് ഒരു ഫോട്ടോ എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞത് .

ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍ ദാസേട്ടന്‍ ചിരിച്ചു .

പ്രശസ്തരോ അപ്രശസ്തരോ ആരായാലും ശരി , കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെങ്കില്‍ അനുവാദം ചോദിക്കണം എന്നാണ് എന്റെ പക്ഷം .

chandrika: