X

അറബ് ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യമന്‍ പട്ടിണിയിലാകുമെന്ന് യു.എന്‍

 

ന്യൂയോര്‍ക്ക്: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രസഖ്യം യമനെതിരെയുള്ള ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ്. തലസ്ഥാനമായ റിയാദിനുനേരെ ഹൂഥി വിമതര്‍ മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് യമനിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളെല്ലാം അറബ് സഖ്യസേന ഉപരോധിച്ചിരിക്കുകയാണ്.
കടുത്ത പട്ടിണിയുടെയും പകര്‍ച്ചവ്യാധിയുടെയും പിടിയില്‍ വീര്‍പ്പുമുട്ടുന്ന യമനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ദുരന്തപൂര്‍ണമായ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് യു.എന്‍ കാരുണ്യവിഭാഗം മേധാവി മാര്‍ക് ലോകോക്ക് പറഞ്ഞു. പകര്‍ച്ചവ്യാധിയില്‍ നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് മരിച്ചത്. ഉപരോധ പ്രഖ്യാപനത്തിനുശേഷം യമനില്‍ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. 2011ല്‍ സോമാലിയയില്‍ രണ്ടര ലക്ഷത്തോളം പേര്‍ മരണപ്പെട്ട പട്ടിണിയേക്കാള്‍ ഭീകരമായിരിക്കും യമനിലെ സ്ഥിതിഗതിയെന്നും ലോകോക്ക് മുന്നറിയിപ്പുനല്‍കി. ലോകം കണ്ട ഏറ്റവും വലിയ പട്ടിണി മരണത്തിനായിരിക്കും യമന്‍ സാക്ഷ്യംവഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂഥി വിമതരുടെ മിസൈലാക്രമണത്തെ ശക്തമായി അപലപിച്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യമനെതിരായ ഉപരോധത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷ്യസാധനങ്ങളും ഔഷധങ്ങളും യമനിലേക്ക് എത്തിക്കുന്നതിന് അവസരം നല്‍കണമെന്ന് മാര്‍ക് ലോകോക്ക് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

chandrika: