X

യമന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി: സല്‍മാനും അബ്ദുല്ലയും ഇരുമെയ്യായി മടങ്ങും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: യമന്‍ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം. ഒറ്റ ശരീരമായി റിയാദിലെത്തിയ സല്‍മാനും അബ്ദുല്ലയും ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഇനി ഇരുമെയ്യായി മടങ്ങും. റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലാണ് സല്‍മാന്റേയും അബ്ദുല്ലയുടെയും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ശരീരം ആറ് ഘട്ടങ്ങളിലായി എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. 35 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നേതൃത്വം നല്‍കി.

ഇന്ന് രാവിലെ ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് നാല് മണിയോടെയാണ് പൂര്‍ത്തിയായത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യുല്‍പാദന, മൂത്രാശയ സംവിധാനങ്ങളും വന്‍കുടലും ചെറുകുടലും ഒട്ടിച്ചേര്‍ന്ന വിധത്തിലാണ് ശാസ്ത്രക്രിയക്കായി ഇരട്ടകളെ റിയാദിലെത്തിച്ചത്. ജനിതക വ്യവസ്ഥയുടെ പുനസ്ഥാപനമായിരുന്നു ശസ്ത്രക്രിയയിലെ സുപ്രധാന ഘട്ടം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കുഞ്ഞുങ്ങളെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സഊദി അറേബ്യ ലോക രാജ്യങ്ങളില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് യമന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള തീരുമാനമെന്ന് ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. മുപ്പത്തിരണ്ട് വര്‍ഷമായി തുടരുന്ന ഇത്തരം ശസ്ത്രക്രിയകള്‍ ദൈവാനുഗ്രഹത്താല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാറുണ്ട്. ലോകത്ത് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ വിജയകരമായി മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സഊദിയെന്നും ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.

ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായ ചെലവുകള്‍ വഹിക്കുന്നതും കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ആണ്. 55 ശസ്ത്രക്രിയകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യമനില്‍ നിന്നുള്ള എട്ടാമത്തെ സയാമീസ് ഇരട്ടകളാണ് സല്‍മാനും അബ്ദുല്ലയും.

സല്‍മാന്‍ രാജാവിന്റെ കരുണാവായ്പ്പിലൂടെ മക്കളുടെ ജനനം മുതല്‍ കണ്ണീരിലായിരുന്ന തങ്ങളുടെ ദുഖത്തിന് അറുതിയാകുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ പിറന്നു വീണ് ദുരിതക്കയത്തില്‍ അകപ്പെട്ടപ്പോള്‍ മോചന പാത കാട്ടി തന്ന ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രാര്‍ത്ഥനയോടെ തങ്ങളോടൊപ്പം നിന്ന ലോകജനതക്കും പിതാവ് യൂസഫ് അല്‍ മലീഹി കണ്ണീരോടെ നന്ദി പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോ. അബ്ദുല്ല അല്‍ റബീഅക്കും സംഘത്തിനും സഊദി ജനതക്കും നന്ദി പറഞ്ഞ രക്ഷിതാക്കള്‍ തങ്ങള്‍ക്കുള്ള സന്തോഷം അവര്‍ണ്ണനീയമാണെന്ന് പറഞ്ഞു.

webdesk13: