സനാ: കൊടും പട്ടിണിയിലായ യമനിലെ കുരുന്നുകള്‍ മരണത്തിന്റെ മുനമ്പില്‍. പശ്ചിമേഷ്യന്‍ രാജ്യമായ യമനിലെ കുട്ടികളും കുരുന്നുകളും മഹാവിപത്തിന്റെ പിടിയിലെന്ന് യുഎന്‍ സംഘടനകള്‍. പട്ടിണിയെ തുടര്‍ന്നുള്ള രോഗങ്ങള്‍ പേറുന്ന കുട്ടികളെ ദുരന്തത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് യുഎന്‍ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
യുഎന്നിന്റെ രണ്ട് സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് യമനിലെ കുരുന്നുകള്‍ മഹാവിപത്തിന്റെ പിടിയിലായതായി കണ്ടെത്തിയത്. രോഗങ്ങളും ദാരിദ്രവും പോഷകാഹാരകുറവുമാണ് കുട്ടികള്‍ നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍. പട്ടിണിയെ തുടര്‍ന്നു കുട്ടികള്‍ രോഗങ്ങളുടെ പിടിയിലായതായി സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാരാഹാര കുറവാണ് കുട്ടികളെ രോഗത്തിന്റെ പിടിലാക്കിയത്.
എഫ്എഒ (ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യുഎന്‍), യുണിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ സംഘടനകളാണ് യമനിലെ കുട്ടികള്‍ക്കിടിയില്‍ പഠനങ്ങള്‍ നടത്തിയത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളും കൊടുംപട്ടിണിയെ നേരിടുകയാണ്. കഴിഞ്ഞ മൂന്നു മാസമായി മൂന്ന് മില്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മിതമായ ഭക്ഷണം പോലും കഴിക്കാനായിട്ടില്ല. 27.4 മില്യണ്‍ ജനങ്ങളില്‍ 17.1 മില്യണ്‍ ജനങ്ങള്‍ ആഹാരത്തിനായി കേഴുന്നു. ഇതില്‍ 7.3 മില്യണ്‍ ജനങ്ങള്‍ അടിയന്തിര സഹായം ലഭിക്കേണ്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യമനില്‍ ദാരിദ്രത്താല്‍ രോഗശയ്യയിലായ ഒട്ടേറെ കുട്ടികളെ കാണാന്‍ കഴിഞ്ഞതായി യുണിസെഫ് പ്രതിനിധി മെറിറ്റ്ക്‌സല്‍ റെലാനൊ പറഞ്ഞു.
കുട്ടികള്‍ ഏറെയും ക്ഷീണിച്ച് അവശരാണ്. പലരും മരണത്തെ മുഖാമുഖം കാണുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചിന്തിക്കാന്‍ പറ്റുന്നതിലും ഏറെയാണ് യമനിലെ ദുരവസ്ഥയെന്ന് ഡബ്‌ളിയുഎഫ്പി ഡയറക്ടര്‍ സ്റ്റീഫന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. പട്ടിണി മാത്രം അനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങളെ കാണാനായി. ആഭ്യന്തര യുദ്ധമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. വിമതരുടെ പോരാട്ടങ്ങളും ഐഎസ് ആക്രമണങ്ങളുംമാണ് രാജ്യത്തെ തകര്‍ത്തു കളഞ്ഞു. പോരാട്ടങ്ങളിലും യുദ്ധത്തിലുമായി 7,400 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. 40,000 പേര്‍ പരിക്കിന്റെ പിടിയിലായി. യുഎന്നിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ചര്‍ച്ചകളും വെടിനിര്‍ത്തല്‍ ഉടമ്പടികളും അരങ്ങേറിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.