അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : യെമനില്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഖ്യസേന. വ്യവസ്ഥാപിതമായ രീതിയില്‍ ഭരണകൂടം സ്ഥാപിതമാകാന്‍ റിയാദ് കരാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായതെന്ന് സഖ്യസേന അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഗവണ്‍മെന്റില്‍ അംഗങ്ങളായിരുന്ന മന്ത്രിമാര്‍ അടക്കം 24 പേരെ ഉള്‍ക്കൊള്ളിച്ച് വൈകാതെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.
യെമനിലെ വ്യത്യസ്ത രാഷ്ട്രീയ ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവരാകും മന്ത്രിസഭാ അംഗങ്ങള്‍. ഒരാഴ്ചക്കകം സൈന്യം നിലവില്‍വന്നതിന് ശേഷമായിരിക്കും ഗവണ്‍മെന്റ് രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക. അബ്‌യാന്‍ മേഖലാ വിഭജനത്തിനും സൈനിക പുനര്‍വിന്യാസത്തിനും തുടര്‍ന്നും മേല്‍നോട്ടം വഹിക്കുമെന്നും സഖ്യസേന അറിയിച്ചു. രാജ്യത്ത് സുസ്ഥിരവും സുരക്ഷിതത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തീവ്രവാദ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനും ഭരണകൂടത്തെ സഹായിക്കാന്‍ സഖ്യസേന യെമനില്‍ തുടരുമെന്നും സഖ്യസേന വക്താവ് വ്യക്തമാക്കി.