X
    Categories: gulfNews

സഖ്യസര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനമിറങ്ങുന്നതിനിടെ യമന്‍ വിമാനതാവളത്തില്‍ ഭീകരാക്രമണം; നിരവധി മരണം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ സഖ്യ സര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു ആക്രമണമെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.  അക്രമത്തിനു പിന്നില്‍ യമനിലെ വിമത വിഭാഗമായ ഹൂത്തികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഊദിയില്‍ നിന്ന് ഏദന്‍ വിമാനത്താവളത്തിലെത്തി വിമാനത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനിടെയാണ് അത്യുഗ്രന്‍ സ്‌ഫോടനം നടന്നത്. ആദ്യം അഞ്ച് പേര്‍ മരണപെട്ടെന്നായിരുന്നു വാര്‍ത്ത. പിന്നീട് 25 ലധികം പേര്‍ മരണപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിലെത്തിയ
പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍മാലിക്, യമനിലെ സഊദി അംബാസിഡര്‍ മുഹമ്മദ് സെയ്ദ് അല്‍ ജാബര്‍, പുതിയ മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യമനില്‍ സഖ്യ സര്‍ക്കാരിന്റെ രൂപീകരണത്തിന് തുടക്കമാകുന്നതിനാല്‍ സര്‍ക്കാര്‍ അംഗങ്ങള്‍ സഊദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമ സംപ്രേഷണം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ സ്‌ഫോടനം ലൈവായി ലോകം കണ്ടു .

വര്‍ഷങ്ങള്‍ക്ക് ശേഷം യമനില്‍ സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കാനായി സഊദി അറേബ്യ മുന്‍കയ്യെടുത്ത് ഉണ്ടാക്കിയ റിയാദ് കരാറിന്റെ ഭാഗമായി ഉണ്ടാക്കിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ശേഷമാണ് പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭാ പ്രതിനിധികള്‍ രാജ്യത്ത് തിരിച്ചെത്തിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലിക്ക് വ്യക്തമാക്കി. യമനില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങളുടെ സഹകരണത്തോടെ മുഴുവന്‍ വെല്ലുവിളികളെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭീകരാക്രമണം സ്ഥിരതയും സുരക്ഷയും ആഗ്രഹിക്കുന്ന യമനിലെ ജനതക്ക് നേരെയുള്ളതാണെന്ന് യമനിലെ സഊദി അംബാസിഡര്‍ മുഹമ്മദ് സെയ്ദ് അല്‍ ജാബിര്‍ പറഞ്ഞു. ഭീകരക്രമണത്തെ സഊദിയും അറബ് ലോകവും ലോക രാജ്യങ്ങളും ശക്തമായി അപലപിച്ചു.

 

web desk 1: