X
    Categories: MoreViews

യമനില്‍ അറബ് സഖ്യം വെടിനിര്‍ത്തി

സന്‍ആ: ആഭ്യന്തരയുദ്ധം തുടരുന്ന യമനില്‍ ഹൂഥി വിമതര്‍ക്കെതിരെ സൈനിക നടപടി തുടരുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഹൂഥി വിമതരും സഖ്യകക്ഷികളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ വെടിനിര്‍ത്തല്‍ കാലാവാധി നീട്ടുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. വ്യോമ, നാവിക നിയന്ത്രണം തുടരും. സഖ്യസേനയുടെ വിമാനങ്ങള്‍ യമനിനു മുകളില്‍ നിരീക്ഷണം തുടരുകയുംചെയ്യും. ഹൂഥി വിമതരോ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ അനുഭാവികളോ അക്രമത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സഖ്യസേന വ്യക്തമാക്കി. സഊദി തലസ്ഥാനമായ റിയാദില്‍ കഴിയുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ആവശ്യപ്രകാരമാണ് അറബ് സഖ്യം വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഹൂഥികളും അറിയിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പാലിച്ച് വെടിനിര്‍ത്തലുമായി മുന്നോട്ടുപോകുമെന്ന് ഹൂഥി വിമത വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ശറാഫ് ലുഖ്മാനും വ്യക്തമാക്കി. ഇരുകക്ഷികളും വെടിനിര്‍ത്തലിന് സന്നദ്ധരായിരിക്കെ പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാകുമെന്ന് യു.എന്‍ സമാധാന ദൂതന്‍ ഇസ്മാഈല്‍ ഔദ് ഷെയ്ഖ് അഹ്്മദ് പ്രത്യാശ പ്രകടിപ്പിച്ചു. യമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസിനു സമീപം വിമതരും യമന്‍ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് നേരത്തെ പ്രഖ്യാപിച്ച ആറ് വെടിനിര്‍ത്തല്‍ ശ്രമങ്ങളും പരാജയത്തിലാണ് കലാശിച്ചത്.

chandrika: