കൊച്ചി : പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്. മഞ്ഞക്കുറ്റികള്‍ അറബിക്കടലില്‍ എറിയണമെന്ന യു ഡി എഫിന്റെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നതായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തിന്റെ നാശത്തിന് വഴിവെക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കാട്ടിയ ഉപതിരഞ്ഞെടുപ്പില്‍ 25,016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പരാജയപ്പെട്ടിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. പദ്ധതിക്കെതിരെ നിരവധി കോടതി വിധികള്‍ ഉണ്ടായിട്ടും എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലം.
സില്‍വര്‍ലൈന്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിന്റേയും സിപിഎമ്മിന്റേയും ഇരട്ടത്താപ്പ് തൃക്കാക്കരയില്‍ പ്രകടമായിരുന്നു. സില്‍വര്‍ ലൈന്‍ മുഖ്യതിരഞ്ഞെടുപ്പ് വിഷയം ആകുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യം ചുവടുവെച്ചത്. എന്നാല്‍ സില്‍വര്‍ലൈന്‍ തിരിച്ചടിക്കുമെന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യപ്പെട്ട സിപിഎം ഉടന്‍ ചുവടുമാറ്റി. സില്‍വര്‍ ലൈന്്് പകരം സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ എന്നാക്കി പ്രചരണ വിഷയം മാറ്റുകയും ചെയ്തു. കാര്യങ്ങള്‍ പിടി വിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് സംസ്ഥാനത്തുടനീളമുള്ള കല്ലിടലും തല്ലിച്ചതക്കലും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിലെ കുറ്റിയിടല്‍ അവസാനിപ്പിക്കാനും പകരം ജിയോ സര്‍വേ സംവിധാനത്തെ ആശ്രയിക്കാനും തീരുമാനമെടുത്തത്. സില്‍വര്‍ ലൈന്‍ പദ്ധതി ബാധിക്കുന്ന മണ്ഡലം കൂടിയായ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഈ പദ്ധതിയുടെ ഹിതപരിശോധന കൂടി ആകുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.
തൃക്കാക്കരയില്‍ യുഡിഎഫ് നേടിയ തകര്‍പ്പന്‍ വിജയം സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെയും സര്‍വ്വേയുടെയും പേരില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചതിന്റെ പേരില്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും മാപ്പ് പറയുക കൂടി ചെയ്യണമെന്നാണ് ഉപ തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. വിനാശകരമായ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ്ായി ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് യുഡിഎഫ് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. മഞ്ഞ കുറ്റികള്‍ ജനഹിതത്തിന് എതിരാണെന്ന യുഡിഎഫ് നിലപാട് തീര്‍ത്തും അംഗീകരിച്ചിരിക്കുകയാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഫലം സില്‍വര്‍ ലൈനിനുള്ള അംഗീകാരം കൂടിയായി മാറുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ച ഇടതുമുന്നണി കണ്‍വീനറെ പിന്നീട് താക്കീത് ചെയ്യാന്‍ വരെ സിപിഎം നേതൃത്വം തയ്യാറായി. ഇടതുമുന്നണി കണ്‍വീനര്‍ ആയി ചുമതലയേറ്റ അന്നുതന്നെ മുന്നണി വികസനം സംബന്ധിച്ച് നടത്തിയ കണ്‍വീനറുടെ പ്രഖ്യാപനങ്ങളുടെ ഗണത്തിലേക്ക് സില്‍വര്‍ലൈന്‍ മാറ്റേണ്ട അവസ്ഥയും സിപിഎമ്മിന് കൈവന്നു.