X

മഞ്ഞക്ക് ഫൈനലാണിന്ന്; മുംബൈയോട് പരാജയപ്പെട്ടാല്‍ സെമി സാധ്യത അവസാനിക്കും

മഡ്ഗാവ്: ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലാണ്- മുംബൈ സിറ്റി എഫ്.സിക്കും. തോല്‍ക്കുന്നവര്‍ സെമി ഫൈനല്‍ കാണാതെ പുറത്താവും. ജയിക്കുന്നവര്‍ക്ക് അവസാന നാലില്‍ ഇടവും ഉറപ്പിക്കാനാവും. സമനിലയാണ് ഫലമെങ്കില്‍ അവസാന മല്‍സരം വരെ കാത്തിരിക്കാം.

രണ്ട് ടീമുകളും 18 മല്‍സരങ്ങള്‍ കളിച്ചിരിക്കുന്നു. 31 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ സമ്പാദ്യം. നാലാംസ്ഥാനത്തുള്ള അവര്‍ക്ക് ജയിച്ചാല്‍ സെമി ഉറപ്പ്. ബ്ലാസ്‌റ്റേഴ്‌സ് 30 ല്‍ നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്ത് നിന്ന് നാലില്‍ കയറാന്‍ ഇന്നത്തെ വിജയം സഹായിക്കും. നിലവില്‍ ഹൈദരാബാദും ജംഷഡ്പ്പൂരും മാത്രമാണ് സെമി ഉറപ്പാക്കിയവര്‍.

ഇന്നലെ ജംഷഡപ്പൂര്‍ ഹൈദരാബാദിനെ മൂന്ന് ഗോളിന് തകര്‍ത്തിരുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏ.ടി.കെ മോഹന്‍ ബഗാനും ഒരു പോയിന്റ് കൂടി നേടിയാല്‍ സെമി കളിക്കാം. അപ്പോള്‍ നാലാം സ്ഥാനത്തേക്കാണ് കാര്യമായ പോരാട്ടം. അത് ബ്ലാസ്‌റ്റേഴ്‌സും മുംബൈയും തമ്മിലാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഗംഭീരമായി തുടങ്ങിയവരായിരുന്നു മുംബൈ. അവരുടെ വിജയയാത്രക്ക് അന്ത്യമിട്ടത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു.

ഇരുവരും സീസണില്‍ ആദ്യം കണ്ടപ്പോള്‍ മുംബൈ വലയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വര്‍ഷം നടത്തിയിരുന്നു. ആ തോല്‍വിയില്‍ നിന്നും തിരിച്ചുവരാന്‍ ചാമ്പ്യന്മാര്‍ ഏറെ സമയമെടുത്തു. അതാണ് അവരെ ഈ നിലയിലാക്കിയതും. ഇന്നലെ പരിശീലന ശേഷം സംസാരിക്കവെ ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല മുംബൈ പരിശീലകന്‍ ഡെസ് ബക്കിംഗ്ഹാം. പ്രതിയോഗികളുടെ ഫോമിനെക്കുറിച്ചോ കരുത്തിനെക്കുറിച്ചോ ചിന്തിക്കാറില്ലെന്നും സ്വന്തം ടീമിന്റെ മികവും പ്രശ്‌നങ്ങളും മാത്രമാണ് മുന്നില്ലെന്നുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ചുള്ള ചോദ്യത്തിന് കോച്ചിന്റെ മറുപടി. മുന്‍നിര താരങ്ങളുടെ പരുക്കാണ് കോച്ചിനെ കാര്യമായി അലട്ടുന്നത്. മധ്യനിരയിലെ മെഷീനായ അഹമ്മദ് ജഹൗയുടെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനും കോച്ച് ഒരുക്കമല്ല. ഇന്നലെ മൊറോക്കോ താരം പരിശീലനത്തിനുണ്ടായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തപക്ഷം അദ്ദേഹം കളിക്കുമെന്ന് കോച്ച് പറയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത്. ഏതൊരു ഫുട്‌ബോള്‍ താരവും ആഗ്രഹിക്കുന്ന മല്‍സരമാണിത്. ഏറ്റവും മികച്ച ടീമിനെതിരെ നിര്‍ണായക മല്‍സരം. എല്ലാവര്‍ക്കും മല്‍സരത്തിന്റെ പ്രസക്തി നന്നായി അറിയാം. എല്ലാവരും വിജയത്തിനായി ഒരുങ്ങി നില്‍ക്കുന്നു. കഴിഞ്ഞ മല്‍സരങ്ങളിലെ റിസല്‍ട്ടല്ല പ്രധാനം-താരതമ്യങ്ങളിലും കാര്യമില്ല. ഇന്ന് ജയിക്കുക എന്നതാണ് വളരെ പ്രധാനമെന്ന് വുകുമനോവിച്ച് പറഞ്ഞു.

സെമിയിലെത്തണമെങ്കില്‍ വിജയം നിര്‍ബന്ധമാണെന്ന സത്യം രണ്ട് ടീമുകള്‍ക്കുമറിയാം. അതിനാല്‍ ഇത് ഫൈനലായിരിക്കും- മല്‍സരത്തിന്റെ തീവ്രത വെളിപ്പെടുത്തി കോച്ച് പറഞ്ഞു. മുന്‍നിരയില്‍ ജോര്‍ജ് പെരേര, അല്‍വാരോ വാസ്‌ക്കസ്, മധ്യനിരയില്‍ അഡ്രിയാന്‍ ലൂന എന്നീ വിദേശികളുടെ തകര്‍പ്പന്‍ ഫോമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. മല്‍സരം രാത്രി 7-30ന്.

പ്രതീക്ഷ അഡ്രിയാന്‍ ലൂന

മഡ്ഗാവ്: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ഇതിനകം കളിച്ചത് 18 മല്‍സരങ്ങള്‍. ഇതില്‍ എട്ട് മല്‍സരങ്ങളില്‍ വിജയം. ആറ് കളികളില്‍ സമനില. നാലില്‍ തോല്‍വി. ആദ്യ മല്‍സരത്തില്‍ കരുത്തരായ ഏ.ടി.കെ മോഹന്‍ ബഗാനുമായി 2-4 ല്‍ തോറ്റ് തുടങ്ങിയ ഇവാന്‍ വുകുമനോവിച്ചിന്റെ സംഘം പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു.

അവസാന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്തത് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. എല്ലാ മല്‍സരങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരത്തെ തേടിയാല്‍ അത് അഡ്രിയാന്‍ ലൂനയിലെത്തും. ഗോളിലേക്ക് കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരങ്ങളില്‍ ഒരാള്‍ ലൂനയാണ്. ഉറുഗ്വേയില്‍ നിന്നുള്ള ഈ മധ്യനിരക്കാരന്‍ യഥേഷ്ടം കൂട്ടുകാര്‍ക്ക് പന്ത് എത്തിക്കുന്നതില്‍ കാണിക്കുന്ന ജാഗ്രതയിലാണ് മഞ്ഞപ്പട ചാമ്പ്യന്‍ഷിപ്പില്‍ ഇത്ര ദൂരത്തിലെത്തിയത്. ഫ്രീകിക്ക് വിദഗ്ദ്ധനായ ലൂന സുന്ദരാമായാണ് ഗോള്‍ക്കീപ്പര്‍മാരെ കബളിപ്പിക്കാറുള്ളത്. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ചെന്നൈക്കെതിരായ മല്‍സരം. ചെന്നൈയിന്‍ ഗോള്‍ക്കീപ്പര്‍ വിശാല്‍ കെയ്ത് ജാഗ്രത പുലര്‍ത്തിയിട്ടും ലൂനയുടെ മഴവില്‍കിക്ക് വലയില്‍ പതിച്ച കാഴ്ച്ച അതിസുന്ദരമായിരുന്നു. ഇന്ന് നിര്‍ണായക മല്‍സരത്തില്‍ മുംബൈ പേടിക്കുന്നത് ലൂനയെ തന്നെ. വാസ്‌ക്കസിനും പെരേരക്കും എളുപ്പത്തില്‍ പന്ത് എത്തിക്കുന്ന ലൂനയെ തടയുക എന്നതാണ് ഇന്ന് മുബൈയുടെ വെല്ലുവിളി.

 

Test User: