X

ലങ്കയില്‍ നാട്ടിയ മഞ്ഞക്കുറ്റികള്‍- കെ.എന്‍.എ ഖാദര്‍

കെ.എന്‍.എ ഖാദര്‍

ശ്രീലങ്കയില്‍നിന്ന് കേരളത്തിനും ചിലത് പഠിക്കാനുണ്ട്. ആ പാഠം ഭരിക്കുന്നവരാണ് ആദ്യം ഉള്‍കൊള്ളേണ്ടത്. ഒന്നുമറിയാത്ത സാധാരണക്കാര്‍ എല്ലാത്തിനും ഇരകളാണ്. കോണ്‍ഗ്രസുകാര്‍ വന്നപ്പോള്‍ മഞ്ഞക്കുറ്റികള്‍ പിഴുതെറിയാന്‍ അവര്‍ക്കൊപ്പം നിന്നു. മാര്‍ക്‌സിസ്റ്റുകള്‍ വന്നപ്പോള്‍ ആ കുറ്റികള്‍ വീണ്ടും നാട്ടാനും അവര്‍കൂടെ നിന്നു. അവര്‍ക്ക് നട്ടപ്പോഴും ഒരു കുട്ട. കൊയ്തപ്പോഴും ഒരു കുട്ട.

അഴിമതിയും കെടുകാര്യസ്ഥതയും കുടുംബവാഴ്ചയും യാതൊരു തത്വദീക്ഷയുമില്ലാത്ത സാമ്പത്തിക നിലപാടുകളും ശ്രീലങ്കയെ കടകെണിയില്‍ വീഴ്ത്തി. സമാനതകളില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പട്ടിണിയും വൈദ്യുതി ക്ഷാമവും ഇന്ധനക്ഷാമവും ശ്രീലങ്കന്‍ ജനതയെ കലാപകാരികളാക്കി. പരീക്ഷ എഴുതാന്‍ കടലാസോ മഷിയോ കിട്ടാതെ പരീക്ഷകള്‍ മാറ്റി. മരുന്നും ചികിത്സയും കിട്ടാതെ രോഗികള്‍ മരിച്ചു. ആശുപത്രികള്‍ പൂട്ടി. പവര്‍കട്ട് പത്ത് മണിക്കൂറായി പരമ്പരാഗതമായി ഉത്പാദിപ്പിച്ചും കയറ്റി അയച്ചും ശ്രീലങ്ക ശീലിച്ച തേയില കരിഞ്ഞുപോയി. സംസ്‌കരണ ഫാക്ടറികള്‍ വൈദ്യുതി ഇല്ലാതെ പൂട്ടി. രാസവളങ്ങളുടെ ഇറക്കുമതി പൊടുന്നനെ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ജൈവകൃഷിമാത്രം മതി ശ്രീലങ്കക്കെന്ന് വിധിയെഴുതി. അതോടെ കൃഷികള്‍ നശിച്ചു. ഉത്പാദനം നന്നെ കുറഞ്ഞു. സകല വ്യവസായ ശാലകളും പൂട്ടി. യുവതികളും യുവാക്കളും ആവതുള്ള ശ്രീലങ്കക്കാരും പാസ്‌പോര്‍ട്ട് എടുത്ത് അതിവേഗം സകലതും കെട്ടിപ്പെറുക്കി രാജ്യം വിട്ട് കൊണ്ടിരിക്കുന്നു.

മാതൃരാജ്യത്ത് അവരുടെ വേരുകള്‍ കരിഞ്ഞ് പോയി. ചൈനയോട് കടം വാങ്ങി നിര്‍മിച്ച ഹബ്ബന്‍ടോട്ട തുറമുഖം വായ്പ തിരിച്ചടക്കാത്തതിനാല്‍ ചൈന 99 വര്‍ഷം പാട്ടത്തിനെടുത്ത് കൈവശപ്പെടുത്തി. 1500 ഏക്കര്‍ സ്ഥലം അനുബന്ധമായി ശ്രീലങ്കയില്‍നിന്ന് ചൈന എഴുതിവാങ്ങി. കൊളംബോ തുറമുഖ നഗരം പണിയാന്‍ ബില്യന്‍ കണക്കിന് ഡോളറുകള്‍ ചൈന കടം വേറെ കൊടുത്തു. ഏഷ്യയിലെ തന്നെ വമ്പന്‍ തുറമുഖമാണ് കൊളംബോ. ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ അതിനെ ഉപയോഗിക്കുന്നു. അതും അനുബന്ധ നഗരവും ഏതാണ്ട് ചൈനയുടെ നിയന്ത്രണത്തിലായി. ഭരിക്കുന്ന രാജപക്ഷക്കാരുടെ കുടുംബത്തിന്റെ പിടിവാശി കൊണ്ടുമാത്രം ഏതാണ്ടൊരു വന പ്രദേശത്ത് നിര്‍മ്മിച്ച് കഴിഞ്ഞ അതി വിപുലമായ വിമാനത്താവളം ഉപയോഗിക്കാന്‍ ആളില്ലാതെ തുരുമ്പ്പിടിച്ച് നശിച്ച് കൊണ്ടിരിക്കുന്നു. അതിന് വേണ്ടി വാങ്ങിയ വിദേശ വായ്പകളില്‍ മുതലോ പലിശയോ ഒന്നും തിരിച്ച് കൊടുക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞില്ല. ഇനിയതും കടം വീട്ടാനാവാതെ ചൈനക്കോ മറ്റുള്ളവര്‍ക്കോ കൊടുക്കാനിടയുണ്ട്. ആരെങ്കിലും എടുക്കാനിടയുണ്ട് എന്നതാണ് കൂടുതല്‍ ശരി.

ചൈന ശ്രീലങ്ക പോലെ എഴുപത് ചെറുകിട രാഷ്ട്രങ്ങള്‍ക്ക് വന്‍ പദ്ധതികള്‍ പശ്ചാത്തല സൗകര്യ വികസനാര്‍ത്ഥം നിര്‍മിക്കാന്‍ സുമാര്‍ 853 ബില്യന്‍ ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം എന്ത് സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണാം. ഇതൊന്നും ചൈനയുടെ പ്രത്യേക കുഴപ്പമല്ല. ജപ്പാനും ഇതര രാജ്യങ്ങളും ഇതൊക്ക ചെയ്യുന്നുണ്ട്. കൂടുതല്‍ പലിശ കൊടുത്താല്‍ അന്താരാഷ്ട്ര നാണയനിധിയില്‍നിന്നും ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കില്‍നിന്നും വന്‍ തുക കിട്ടും. പലരും അതു വാങ്ങാറുണ്ട്. സ്വന്തം നിലമറന്ന് കടം വാങ്ങിയ ലങ്ക പോലെ എല്ലാം ആവണമെന്നില്ല.

ഐ.എം.എഫ് വായ്പ കിട്ടണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കണം. വാങ്ങുന്ന രാജ്യത്തിന്റെ സാമ്പത്തിക നയം തന്നെ അവരുടെ വ്യവസ്ഥകളാല്‍ മാറ്റി എഴുതപ്പെടും. തിരിച്ചടവിനുള്ള സാധ്യതയും യോഗ്യതയും അവര്‍ നോക്കും. അതിനുള്ള വഴികളും പറഞ്ഞുതരും. അതു തെറ്റിച്ചാല്‍ മാത്രമെ കുടുങ്ങാനിടയുള്ളൂ. അമേരിക്കയും ചൈനയും ജാപ്പാനുമൊക്കെ അങ്ങിനെയല്ല. തിരിച്ചു തരാനാവാതെ വായ്പ വാങ്ങിയ ഇരകള്‍ കഷ്ടപ്പെടുകയും രാജ്യം സാമ്പത്തികമായി കുട്ടിച്ചോറാവുകയും ചെയ്താലും അവര്‍ക്ക് സന്തോഷമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ പകരം കൊയ്യാനും അവര്‍ക്ക് കഴിയും. ചിലപ്പോള്‍ രാജ്യത്തിന്റെ പരമാധികാരം തന്നെ ഇരകള്‍ക്ക് നഷ്ടപ്പെടും. സമ്രാജ്യത്വ വികസന മോഹികളുടെ പുത്തന്‍ കോളനികളായി തെക്കുവടക്കു നോക്കാതെ കടം വാങ്ങുന്ന രാഷ്ട്രങ്ങള്‍ മാറും.

ഭൂഗോള ബ്ലേഡ് കമ്പനികളാണ് പണം കടം കൊടുക്കുന്ന പല സമ്പന്ന രാഷ്ട്രങ്ങളും. പക്ഷേ അവര്‍ പലിശ നിരക്കു മാത്രം കുറച്ച് കാണിക്കുകയും മറ്റു രീതികളിലൂടെ ഇരട്ടി മുതലാക്കുകയും ചെയ്യും. പണപ്പെരുപ്പം 42 ശതമാനമായി മാറിയപ്പോള്‍ ലങ്കന്‍ സര്‍ക്കാര്‍ കറന്‍സി നോട്ടുകള്‍ യഥേഷ്ടം അടിച്ചു വിതരണം ചെയ്തു. അതോടെ വില വാണം വിട്ടപോലെ ഉയര്‍ന്നു. അരി കിലോ 443 രൂപയും പാല്‍ 400 രൂപയുമൊക്കയായി. അടുത്ത വര്‍ഷങ്ങളിലായി സുമാര്‍ 700 ബില്യന്‍ ഡോളര്‍ ലങ്ക തിരിച്ചടക്കണം. അതിനു തക്ക വിദേശ നിക്ഷേപം ഇല്ലാതെ പോയതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. 35 ബില്യന്‍ ഡോളര്‍ ഉടനെ തിരിച്ച് കൊടുക്കണം.

അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും വിദേശ നിക്ഷേപം വേണം. അതിനൊന്നും വകയില്ലാതെ രാജ്യം പാപ്പരായി. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മിക്കവാറും നിശ്ചലമായി. പ്രധാന വരുമാന മാര്‍ഗം ടൂറിസം വ്യവസായമായിരുന്നു. കുറെകാലമായി ആരും ലങ്കയിലേക്ക് ചെല്ലുന്നില്ല. തമിഴ് വംശജര്‍ക്കെതിരെ യുദ്ധം ചെയ്തും ഈസ്റ്റര്‍ ദിന ഭീകരാക്രമണവും കോവിഡും എല്ലാം ആ മേഖലയെ തകര്‍ക്കുന്നതില്‍ പങ്കു വഹിച്ചു.

ഇപ്പോള്‍ ഭരണം നടത്തുന്ന കുടുംബം അഴിമതിയും കൊള്ളയും നടത്തി വരുന്നതായി പറയപ്പെടുന്നു. കടം വാങ്ങിയുണ്ടാക്കുന്ന പദ്ധതികളിലെ നിക്ഷേപത്തിന്റെ നല്ലൊരു ഓഹരി ഈ രാജപക്ഷ കുടുംബം തട്ടിയെടുക്കുന്നുവത്രെ! ചോദ്യം ചെയ്യാന്‍ ആരുമില്ല. പ്രസിഡന്റ് ഗോട്ടഭയ രാജപക്ഷ, പ്രധാനമന്ത്രി മഹീന്ദ്രരാജ പക്ഷ, ധനകാര്യമന്ത്രി ബാസില്‍ രാജപക്ഷ മന്ത്രിമാരില്‍ പലരും ഇവരുടെയൊക്കെ മക്കളും മരുമക്കളും ബന്ധുക്കളുമാണ്. ഇന്ത്യയോട് ആഭിമുഖ്യമുള്ളവരായിട്ടാണ് രാജപക്ഷ കുടുംബങ്ങള്‍ അറിയപ്പെടുന്നത്. ആശയപരമായും ഇന്ത്യന്‍ ഭരണാധികാരികളുടേ നയങ്ങളോട് അവര്‍ക്ക് സമാനതകല്‍ ഉണ്ട്. നമ്മുടെ രാജ്യം ശ്രീലങ്കയെ പരമാവധി സഹായിച്ചുകൊണ്ടിരിക്കുന്നു. അയല്‍പക്കത്തു തന്നെ ധാരാളം ശത്രുക്കളുള്ള ഇന്ത്യക്ക് ശ്രീലങ്കയും ചൈനീസ് നിയന്ത്രണങ്ങളിലേക്ക് വരുന്നത് നല്ലതല്ല. ഇപ്പോള്‍ തന്നെ ഏറെക്കുറെ അങ്ങിനെയാണ്. നമ്മുടെ തൊട്ടടുത്ത തുറമുറഖം തൂത്ത്കുടിയാണ്. അവിടെ ധാരാളം ചെറിയ കപ്പലുകള്‍ക്ക് വരാം. തൂത്തുകുടിയില്‍ ശേഖരിക്കുന്നു ഉത്പന്നങ്ങള്‍ കൊളംബോയില്‍ എത്തിച്ചാണ് ഇപ്പോള്‍ വന്‍ചരക്കു കപ്പലുകളിലേക്ക് മാറ്റുന്നത്. അതു നിന്നു പോയാല്‍ പ്രശ്‌നങ്ങള്‍ ഇന്ത്യയെയും ബാധിക്കും. വെറും രണ്ടര കോടി ജനങ്ങള്‍ മാത്രമുള്ള ശ്രീലങ്കയിലെ കുഴഞ്ഞ് മറിഞ്ഞ സാഹചര്യങ്ങള്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യയേപോലും വേവലാതിപ്പെടുത്തുന്നതാണ്. അതില്‍ രാഷ്ട്രീയവും സൈനികയും സാമ്പത്തികവുമായ വിഷയങ്ങള്‍ അന്തര്‍ലീനമാണ്. ഇന്ധനവും ഭക്ഷ്യവസ്തുക്കളും റേഷനായി നല്‍കുന്നതിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ അടിയന്തിരാവസ്ഥ നിലവിലുണ്ട്. ജനങ്ങള്‍ ക്യൂവില്‍നിന്ന് വീണ് മരിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിലെ രാജപക്ഷ കുടുംബം ഭരണം നടത്തുന്നതും അവര്‍ക്ക് വേണ്ടിയാണ്. രാജ്യത്തിന് വേണ്ടിയല്ലെന്ന് പ്രതിപക്ഷം വാദിക്കുന്നു. പ്രതിപക്ഷം അവിടെയും അനൈക്യത്തിലും ചിതറികിടക്കുന്ന അവസ്ഥയിലുമാണ്.

കേരളം ഒരു സംസ്ഥാനം മാത്രമാണ്. എല്ലാം രാജ്യം നോക്കികൊള്ളും എന്ന കരുതി സമാധാനിച്ചു കൂട. ശ്രീലങ്കന്‍ സാമ്പത്തിക രീതികള്‍ക്ക് സമാനമായ ദുര്‍വ്യയവും കൊടുകാര്യസ്ഥതയും മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം. വ്യവസായവും വ്യാപാരവും സ്വതന്ത്രമായി നടത്തി വല്ലതും ഉത്പാദിപ്പിച്ചു കയറ്റുമതി ചെയ്തു കാശുണ്ടാക്കാന്‍ സംസ്ഥാനത്തിനും നാട്ടുക്കാര്‍ക്കും കഴിയണം. 1092 കോടി രൂപ ഇതിനകം നഷ്ടപ്പെടുത്തിയ മെട്രോ നിര്‍മാണത്തിനും കടം വാങ്ങിയത് 5000 കോടി. ഇനയിപ്പോള്‍ സുമാര്‍ രണ്ട് ലക്ഷം കോടി ചിലവാക്കി ഒരു കെ റെയില്‍. ഇപ്പോള്‍ തന്നെ നഷ്ടത്തില്‍ നടക്കുന്ന നിരവധി പൊതുമേഖലാ വ്യവസായങ്ങള്‍ വരുത്തി വെക്കുന്ന കടം. ആദ്യ കടത്തിന്റെ പലിശയടച്ചു തീര്‍ക്കാന്‍ വീണ്ടും കടം വാങ്ങികൂട്ടുന്ന കിഫ്ബി. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന ബജറ്റിന്റെയും കണ്ണ് വെട്ടിച്ച് യഥേഷ്ടം കൊള്ള പലിശക്ക് കടം വാങ്ങി വിഴുങ്ങുന്ന മൂന്നാമനാണ് കിഫ്ബി. ആരുടെയായാലും തിരിച്ചടക്കേണ്ടത് നാം കേരളീയരാണ്. തോമസ് ഐസക്ക് എന്ന വിരുതന്‍ പണ്ടേ നാട്ടിയ മഞ്ഞ കുറ്റിയാണ് കിഫ്ബി. അസുര ചക്രവര്‍ത്തിയായിരുന്ന രാവണന്റെ ഇന്നത്തെ ലങ്കയെ പോലെ കേരളം മാറണോ..? നീതിമാനായ മഹാബലി ബാക്കി വെച്ചുപോയ നീതി സങ്കല്‍പ്പം വീണ്ടും പാതാളത്തിലാഴ്ത്തുവാന്‍ ഇനിയും അവതാരങ്ങള്‍ വേണോ…?

Test User: