ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ ബി.ജെ.പി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ മകനെ മത്സരിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ശ്രമം. ബി .ജെ.പിയുടെ കര്‍ണാകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനിയായ യെദിയൂരപ്പ തന്നെയാണ് തന്റെ മകന്‍ ഇത്തവണ സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുമെന്ന സൂചനകള്‍ നല്‍കിയത്.
സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ വരുണയില്‍ നിന്നാണ് ഇത്തവണ സിദ്ധരാമയ്യ ജനവിധി തേടുക. മറ്റൊരു മണ്ഡലത്തില്‍ കൂടി സിദ്ധരാമയ്യ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. സിദ്ധരാമയ്യയ്ക്കെതിരെ വരുണയില്‍ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതായി യെദിയൂരപ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം യെദിയൂരപ്പയുടെ നീക്കത്തിന് കേന്ദ്ര നേതൃത്വം ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. യെദിയൂരപ്പയ്ക്കും മകനുമെതിരെ സി.ടി രവിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയില്‍ തന്നെ പട നിലനില്‍ക്കുന്നതിനാല്‍ വിജയേന്ദ്രയെ മത്സരിപ്പിക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരക്കിട്ട് പത്ര മ്മേളനം വിളിച്ച് മകന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സൂചന നല്‍കിയത്. അതേ സമയം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ സംവരണത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ കടുക്കുകയാണ്.