ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ് യെദിയൂരപ്പയുടെ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപം. വരുണ മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രക്കെതിരെ യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ മകന്‍ മത്സരിക്കുന്നില്ലെന്ന് നഞ്ചന്‍ഗുഡില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ യെദിയൂരപ്പ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു ശേഷം യെദിയൂരപ്പ സ്റ്റേജ് വിട്ടതിനു പിന്നാലെ സ്റ്റേജിലേക്ക് ഇരച്ചു കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേജും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.
അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. മെയ് 12ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഏഴു സ്ഥാനാര്‍ത്ഥികളുടെ നാലാം പട്ടിക ബി.ജെ.പി ഇന്നലെ പുറത്തു വിട്ടു. വിജയേന്ദ്ര മത്സരിക്കാത്തതിന്റെ കാരണം ഇപ്പോള്‍ പറയുന്നില്ലെന്നും ഇതിന് ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തരുതെന്നും യെദിയൂരപ്പ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാവുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ 15 ദിവസമായി വരുണ മണ്ഡലത്തില്‍ യെദിയൂരപ്പയുടെ മകന്‍ പ്രചാരണം നടത്തിയിരുന്നു. പ്രചാരണത്തിനായി ഇവിടെ അദ്ദേഹം ഒരു വീടും വാടകക്കെടുത്തിരുന്നു.