ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗൗഡമാരുടെ നട്ടെല്ലായ വൊക്കലിംഗ സമുദായം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയുമായി ചേര്‍ന്നു നിന്നാണ് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചത്. എന്നാല്‍ വൊക്ക ലിംഗ നേതാവായ ജെ.ഡി.എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി കുമാര സ്വാമിക്ക് തല്‍സ്ഥാനം നിഷേധിക്കുക വഴി വൊക്ക ലിംഗ വിഭാഗം വീണ്ടും ബി.ജെ.പിക്കെതിരാവുകയാണ്.
1956 നവംബര്‍ ഒന്നിന് കര്‍ണാടക പുനസംഘടിപ്പിച്ചതിന് ശേഷം ലിംഗായത്തുകളാണ് സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്നത്. 1956 മുതല്‍ 1972 വരെ ലിംഗായത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 1994ല്‍ എച്ച്.ഡി ദേവഗൗഡയാണ് സംസ്ഥാനത്ത് ആദ്യമായി വൊക്കലിംഗ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസിന്റെ എസ്.എം കൃഷ്ണ 1999ലും 2006ല്‍ എച്ച്.ഡി കുമാര സ്വാമിയും മുഖ്യമന്ത്രിമാരായി. വൊക്കലിംഗ മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്ത് 92 മാസം ഭരണം നടത്തിയപ്പോള്‍ 27 വര്‍ഷമാണ് ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ ഭരിച്ചത്. 100 ശതമാനം കാര്‍ഷിക വൃത്തിയുമായി മുന്നോട്ടു പോകുന്ന വൊക്കലിംഗ വിഭാഗം പഴയ മൈസൂരു മേഖലയിലാണ് കാര്യമായുമുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 11-12 ശതമാനമാണ് സമുദായമുള്ളത്.
അതേ സമയം വടക്കന്‍ കര്‍ണാടകയിലും ദക്ഷിണ കര്‍ണാടകയിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരും. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട്. പഴയ മൈസൂരുവിനോട് കന്നഡ സംസാരിക്കുന്ന മേഖലകള്‍ കൂട്ടിച്ചേര്‍ത്താല്‍ ലിംഗായത്ത് ആധിപത്യമാകുമെന്നാരോപിച്ച് നേരത്തെ തന്നെ വൊക്ക ലിംഗ വിഭാഗം ലിംഗായത്തുകളെ തടഞ്ഞിരുന്നു. വൊക്കലിംഗ നേതാവായിരുന്ന ഹനുമന്തയ്യ എതിര്‍പ്പുകള്‍ മറികടന്ന് ഐക്യ കര്‍ണാടക എന്ന ആശയം മുന്നോട്ടു വെച്ചു. എന്നാല്‍ അദ്ദേഹത്തെ തെറിപ്പിച്ചു കൊണ്ട് ലിംഗായത്ത് നേതാവായ എസ് നിജലിംഗപ്പ സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് 38 വര്‍ഷത്തിന് ശേഷമാണ് വൊക്കലിംഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൗഡമാരുടെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വൊക്കലിംഗ വിഭാഗക്കാരായ ചിലരെ ബി.ജെ.പി പഴയ മൈസൂരു മേഖലയില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.
ഇത്തവണ ലിംഗായത്ത്, വൊക്കലിംഗ ഐക്യമെന്ന രഹസ്യ ധാരണ ഇരുപാര്‍ട്ടികളും തമ്മില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാനായി ഉണ്ടാക്കിയിരുന്നു. വൊക്കലിംഗ ബെല്‍റ്റില്‍ നിന്നും ജയിച്ച ഒമ്പത് ബി.ജെ.പി എം.എല്‍.എമാര്‍ നിലവിലെ സാഹചര്യത്തില്‍ വിശമ വൃത്തത്തിലാണ്. ഗൗഡമാരെ മുറിവേല്‍പിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്നാണ് ഇവരുടെ ആധി. 2008ല്‍ മുഖ്യമന്ത്രി പദം തനിക്ക് നിഷേധിക്കുക വഴി കുമാര സ്വാമി ലിംഗായത്ത് സമുദായത്തെ അപമാനിച്ചതായി നിലവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ ആരോപിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ജാതീയമായ ഈ വാദം യെദ്യൂരപ്പക്ക് അനുകൂലമായി മാറുകയും ചെയ്തു. ചരിത്രം തിരിഞ്ഞു കുത്തുമ്പോള്‍ വൊക്കലിംഗ സമുദായത്തെ അപാമാനിക്കുന്നുവെന്ന ആരോപണവുമായി കുമാര സ്വാമിയാണ് ഇത്തവണ രംഗത്തു വന്നിരിക്കുന്നത്. ആരു മുഖ്യമന്ത്രിയായാലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുമെന്നുറപ്പ്.