X

ഖനന അഴിമതി; യെദ്യൂരപ്പ ഉള്‍പ്പെടെ 12 പേരെ കുറ്റവിമുക്തരാക്കി

ബംഗളൂരു: ഖനന അഴിമതി കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. യെദ്യൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവരുള്‍പ്പെടെ 12 പേരെയാണ് കേസില്‍ വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കിനില്‍ക്കേ കോടതി വിധി യെദ്യൂരപ്പയുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നതാണ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഇരുമ്പയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും, നികുതി കുടിശിക ഒഴിവാക്കി നല്‍കിയെന്നുമായിരുന്നു കേസ്.

 

ഇതിനുപകരം യെദ്യൂരപ്പയ്ക്കും മക്കള്‍ക്കും 40 കോടി രൂപ കോഴ ലഭിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു. യെദ്യൂരപ്പയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രേരണ എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിപണി വിലയില്‍ നിന്നു പത്തിരിട്ടിയിലധികം നല്‍കി വാങ്ങിയും ട്രസ്റ്റിന് സംഭാവനയായി നല്‍കിയുമാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് കൈക്കൂലി കൈമാറിയതെന്ന് അന്നത്തെ കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച യെദ്യൂരപ്പക്കെതിരെ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ കേസെടുക്കുകയായിരുന്നു. കേസില്‍ 11 ദിവസം ജയിലില്‍ കിടന്ന യെദ്യൂരപ്പ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായും യെദ്യൂരപ്പ പ്രതികരിച്ചു.

chandrika: