ബെംഗളൂരു: ‘ഓപ്പറേഷന്‍ താമര’ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജെ.ഡി.എസ് എംഎല്‍എ നാഗനഗൗഡയുടെ മകന്‍ ശരണഗൗഡക്ക് 25 കോടി രൂപ യെദിയൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടിരുന്നു. ശബ്ദം തന്റേതെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെഡിയൂരപ്പ, സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്. തന്നെ കുടുക്കാന്‍ കുമാരസ്വാമി ശരണഗൗഡയെ അയ്ക്കുകയായിരുന്നു എന്നാണ് പുതിയ നിലപാട്.
എട്ടിന് കര്‍ണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്ദരേഖ പുറത്തുവിട്ടത്. ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം. ഇതു തിരുത്തിയാണ് ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍ ശരണഗൗഡയെ കണ്ടിരുന്നതായി സമ്മതിച്ചത്. സ്പീക്കര്‍ രമേഷ് കുമാറിനെ 50 കോടി രൂപ നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദിയൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്. എന്നാല്‍ സ്പീക്കര്‍ സത്യസന്ധനാണെന്നും അദ്ദേഹത്തിന് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ പറയുന്ന യെഡിയൂരപ്പ സംഭാഷണത്തില്‍നിന്ന് കുമാരസ്വാമിക്ക് ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടതെന്നും ആരോപിക്കുന്നു.