മൂന്നാമൂഴത്തില്‍ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധിയും വെല്ലുവിളികളും. ബി.ജെ.പിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന് വാദിക്കുന്ന യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോള്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കൂടിയാണ് അവസരം ലഭിക്കുന്നത്.
അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ കൈവിടാത്ത പ്രായോഗികതക്കൊപ്പം പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിലും കൈക്കൊണ്ട സമീപനങ്ങളുമാണ് യെച്ചൂരിയെ സ്വീകാര്യനാക്കുന്നത്. വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ് രാമചന്ദ്രന്‍ പിള്ളയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും നീക്കം അതീജിവിച്ചാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. യെച്ചൂരിയെ മാറ്റാനുള്ള നീക്കം രഹസ്യ ബാലറ്റ് നിര്‍ദേശത്തിലൂടെയായിരുന്നു അന്ന് ബംഗാള്‍ ഘടകം മറികടന്നത്. മൂന്നാം തവണയും ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുന്ന യെച്ചൂരിക്ക് മുന്നില്‍ വെല്ലുവിളികള്‍ നിറഞ്ഞ കാലമാണുള്ളത്. ബംഗാള്‍ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടി ഇതുവരെ കരകയറിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ദേശീയപദവി പോലും ചോദ്യം ചെയ്യപ്പെട്ടു.
കേഡര്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടി നയങ്ങള്‍ അനുസരിക്കുന്നില്ലെന്നും ബി.ജെ.പി ഇതര മുന്നണികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ പ്രക്ഷോഭം നയിക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ വൈകിയെന്നുമുള്ള സംഘടനാ റിപ്പോര്‍ട്ടിലെ വിമര്‍ശനവും പാര്‍ട്ടിയുടെ ശൈഥില്യം ശരിവെക്കുന്നതാണ്. കേരളം ഒഴികെ ഇടതുപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അംഗങ്ങളുടെ ശോഷണവും പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുന്നതിലെ വീഴ്ചയും പരിഹരിക്കാന്‍ യെച്ചൂരി ഏറെ പണിപ്പെടേണ്ടി വരും. ദേശീയതലത്തില്‍ ഏകീകൃത പാര്‍ട്ടി നയം രൂപപ്പെടുത്താന്‍ പോലും പാര്‍ട്ടി കോണ്‍ഗ്രസിന് സാധിച്ചില്ല.
തുടക്കം മുതല്‍ കേരള മോഡലിന് മുന്‍തൂക്കം നല്‍കിയുള്ള ഇടപെടലുകളെ കടുത്ത ഭാഷയിലാണ് ബംഗാള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് കേരള മോഡല്‍ മാതൃകയാക്കണമെന്ന നിര്‍ദേശത്തിനാണ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചത്. തുടര്‍ഭരണവും അംഗബലവുമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് സാധിക്കില്ല.
നേതൃത്വത്തെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം കൂടിയാണ് പിണറായിക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളുന്ന ദേശീയ ബദലെന്ന യെച്ചൂരിയുടെ നിര്‍ദേശം തുടക്കം മുതല്‍ തള്ളിയ കേരളത്തിന്റെ വികസന രേഖയും നവഉദാരവല്‍ക്കരണ നയങ്ങളിലൂന്നി സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ഇവയെല്ലാം അംഗീകരിച്ചു പോകേണ്ട നിസ്സഹായാവസ്ഥയിലാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല മതേതര ജനാധിപത്യ സഖ്യം കൂടി യെച്ചൂരിയുടെ ചുമലിലാണ്.
അതേസമയം രാഷ്ട്രീയ ലൈനിനെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ ഭിന്നാഭിപ്രായം തുടരുകയാണ്. വിശാല മതേതര കൂട്ടായ്മയെന്ന രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നതിന് പകരം ഇടതു ജനാധിപത്യ ചേരി മതിയെന്ന ബിവി രാഘവലുവിന്റെ ബദല്‍ നിര്‍ദേശം തള്ളിയാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പിബി അംഗീകരിച്ചത്. ഹൈദരാബാദില്‍ ജനറല്‍ സെക്രട്ടറിയെക്കുറിച്ച് ഭിന്നത തുടര്‍ന്നപ്പോള്‍ യെച്ചൂരിക്ക് പകരം രാഘവലുവിന്റെ പേരാണ് ഒരു പക്ഷം മുന്നോട്ടു വെച്ചത്. വിശാല മതേതര കൂട്ടായ്മയെന്ന നയം നടപ്പാക്കാന്‍ യെച്ചൂരി വേണമെന്ന വാദമാണ് എതിര്‍പക്ഷം അന്ന് ഉന്നയിച്ചിരുന്നത്.