X

യെച്ചൂരിയുടെ ആദ്യവെടി; വിശാലസഖ്യം

ദാവൂദ് മുഹമ്മദ്
കണ്ണൂര്‍

ബിജെപിക്കെതിരെ ജനാധിപത്യ, മതേതര ബദലില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം സി.പി.എം കേരളഘടകത്തിന് തിരിച്ചടി. ബി.ജെ.പിക്കെതിരെ രൂപപ്പെടുന്ന മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസിന്റെ പങ്ക് മുഖ്യമാണെന്ന നിലപാട് അരക്കിട്ട് ഉറപ്പിക്കുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ യെച്ചൂരി ആവര്‍ത്തിച്ചത്.

എന്നാല്‍ ഈ വിലയിരുത്തല്‍ കേരള ഘടകത്തിന്റെ നയത്തിനെതിരാണ്. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന ഘടകത്തിനുള്ളത്. എന്നാല്‍, കോണ്‍ഗ്രസിന് പകരം ആര് എന്ന ചോദ്യമാണ് യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ലൈന്‍. ഈ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് എത്ര ഗൗരവത്തോടെ പരിഗണിക്കും എന്ന് കാത്തിരുന്ന് കാണണം.

രാജ്യത്തെ പകുതിയിലേറെ അംഗങ്ങളുള്ള സംസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ തുടര്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ കേരള ഘടകത്തിന്റെ നയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എങ്കിലും, കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയോ, അവഗണിച്ചോ മതേതര ബദല്‍ സാധ്യമല്ലെന്ന നിലപാട് യച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പി.ബി അംഗങ്ങളായ പിണറായി വിജയനും എസ്.ആര്‍.പിയും എം.എ ബേബിയും ആവര്‍ത്തിക്കുമ്പോഴാണ് ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസിനു മുന്നില്‍ ചില ഉപാധികള്‍ മുന്നോട്ട് വെക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസിനോടുള്ള മൃദുസമീപനമാണ് വ്യക്തമാക്കുന്നത്.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കുന്നിടത്ത് ഒരിടത്തും കോണ്‍ഗ്രസിനെ പരാമര്‍ശിക്കാത്തത് കേരളഘടകത്തിന്റെ ഇടപെടലാണ്. മൂന്നാം ബദല്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന മുന്നണിയാവാമെന്നാണ് ഇതിന്റെ സൂചന. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഉയര്‍ത്തിക്കാട്ടി വിശാല മതേതരമുന്നണിയെന്ന ആശയം രൂപപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് ബന്ധം ആവാം എന്ന നിലപാടാണുള്ളത്. രാജ്യത്ത് 20ഓളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമാണ് കോണ്‍ഗ്രസ്. എംഎല്‍എമാരുടെ എണ്ണത്തില്‍ മറ്റ് പ്രതിപക്ഷപാര്‍ട്ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ് ഏറെ മുന്നിലാണ്.

Test User: