ഗസ്സ: വ്യോമാക്രമണങ്ങളും കുടിയൊഴിപ്പിക്കലും വെടിവെപ്പുകളുമായി ദുരിതം നിറഞ്ഞതായിരുന്നു ഫലസ്തീനികള്‍ക്ക് പോയവര്‍ഷം. ഇസ്രാഈല്‍ ഭീകരത ഫലസ്തീനികള്‍ക്കുമേല്‍ ദുരന്തങ്ങള്‍ വിതച്ചുകൊണ്ടിരുന്നു. ഗസ്സയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളെ ഇസ്രാഈല്‍ സേന വ്യോമാക്രമണത്തില്‍ കൊന്നുതള്ളിയപ്പോള്‍ അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാര്‍ മാത്രമായി. 14 വര്‍ഷത്തിനിടെ ഇസ്രാഈല്‍ നടത്തുന്ന നാലാമത്തെ വന്‍ ആക്രമണത്തിലും ഗസ്സ തര്‍ന്നടിഞ്ഞു. മെയ് മാസം നടന്ന വ്യോമാക്രമണങ്ങളില്‍ 67 കുട്ടികളും 39 സ്ത്രീകളുമടക്കം 260 പേര്‍ കൊല്ലപ്പെടുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1800 പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും 14300 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടം ബോംബിട്ട് തകര്‍ത്തു. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള സ്‌കൂളുകളില്‍ അഭയം തേടി. പിഞ്ചു കുഞ്ഞുങ്ങളടക്കം നൂറുകണക്കിന് ആളുകള്‍ മാരകമായ പരിക്കുകളോടെ ഇന്നും ദുരിതത്തില്‍ നീന്തുന്നു. ഏഴു വയസുള്ള മുഹമ്മദ് ഷബാന് പുതുവര്‍ഷത്തില്‍ ഒരു ആഗ്രഹം മാത്രമാണുള്ളത്. ‘സ്വന്തം ഉമ്മയുടെ മുഖം കാണണം.’ പെരുന്നാളിന് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ ഉമ്മ സുമയ്യയോടൊപ്പം പോയ അവന് ഇസ്രാഈല്‍ ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ ഷബാന്റെ ചില ചോദ്യങ്ങള്‍ സുമയ്യയെ കൂടുതല്‍ തളര്‍ത്തുകയാണ്. ‘എന്തുകൊണ്ടാണ് ഞാന്‍ ഇരുട്ടു മാത്രം കാണുന്നത്?, എന്തുകൊണ്ടാണ് എനിക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തത്?’ കഴിഞ്ഞ ദിവസം മകന്റെ ആഗ്രഹം കേട്ട് സുമയ്യ കൂടുതല്‍ തളര്‍ന്നു. ‘ഉമ്മാ, എനിക്ക് നിങ്ങളുടെ മുഖം കാണണം’-അല്‍ജസീറയുടെ ലേഖകനോട് ഇതേക്കുറിച്ച് വിവരിക്കുമ്പോള്‍ സുമയ്യ വിതുമ്പിക്കരഞ്ഞു.
2014ന് ശേഷം ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. 2021ല്‍ 86 കുട്ടികളെയാണ് ഇസ്രാഈല്‍ കൊലപ്പെടുത്തിയത്. ഗസ്സയില്‍ മാത്രം നൂറിലേറെ കുട്ടികള്‍ക്ക് വ്യോമാക്രണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും കൈകാലുകള്‍ നഷ്ടപ്പെട്ടു.
ചിലര്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ തീരാദുരിതത്തിലാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും ഫലസ്തീനികള്‍ക്കുമേല്‍ കൂടുതല്‍ ഭീകരമായ ആക്രമണങ്ങളാണ് ഇസ്രാഈല്‍ അഴിച്ചുവിടുന്നത്. കുടിയൊഴിപ്പിക്കല്‍ ഭീഷണികളും ശക്തമായിട്ടുണ്ട്.