X

ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വൈ.സി മോദി എന്‍.ഐ.എ തലവന്‍

ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി വൈ.സി മോദിയെ നിയമിച്ചു. 2017 ഒക്ടോബറില്‍ എന്‍.ഐ.എ മേധാവി സ്ഥാനത്തു നിന്നും ശരദ് കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ വൈ.സി മോദി ചുമതലയേല്‍ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 മേയ് 31 വരെ മോദി പദവിയില്‍ തുടരും.

നിലവില്‍ സിബിഐ അഡീഷണല്‍ ഡയറക്ടറാണ് മോദി. 2002ലെ ഗുജറാത്ത് വംശഹത്യ യെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗമായിരുന്നു വൈ.സി മോദി. ഗുജറാത്ത് കലാപത്തിലെ മൂന്നു സുപ്രധാന കേസുകളായ ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ. നരോദ ഗാം സംഭവങ്ങളാണ് ഇദ്ദേഹം അന്വേഷിച്ചത്.
ഇതില്‍ ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയ്ക്ക് വൈ. സി മോദി ഉള്‍പ്പെട്ട അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അസം-മേഘാലയ കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഓഫീസറാണ് വൈ.സി മോദി. ഷില്ലോങ്ങിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായും സി.ബി.ഐ അഡീഷണല്‍ ഡയറക്ടര്‍ ആയും മോദി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മറ്റൊരു മുതിര്‍ന്ന ഐ.പി.എസ് ഓഫീസറായ രജനി കാന്ത് മിശ്രയെ ശാസ്ത്രി സീമ ബാല്‍ (എസ്.എസ്.ബി) ഡയറക്ടര്‍ ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

chandrika: