ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശനങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ.
പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്‍ണ തകര്‍ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം പൂശിയത് കൊണ്ട് ഇത് നന്നാക്കാനാവില്ലെന്നും ധനമന്ത്രിയെ ലക്ഷ്യമിട്ട് പറഞ്ഞു. ജി.എസ്.ടി പരിധി നിശ്ചയിച്ചതില്‍ അടിസ്ഥാനപരമായി അപാകതയുണ്ട്. അതാണ് ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാരഡൈസ് പേപ്പറുമായി ബന്ധപ്പെട്ട് തന്റെ മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്‍ഹക്കെതിരെ അന്വേഷണം നടക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായ്‌ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
മൈത്രി മുതലാളിത്തത്തിലൂടെ അദ്ദേഹം 16000 ഇരട്ടി ലാഭം സമ്പാദിച്ചതായി ആരോപണമുണ്ടെന്നും സിന്‍ഹ പറഞ്ഞു. പാരഡൈസ് പേപ്പറില്‍ തന്നെ കുറിച്ചു വന്ന ആരോപണം വ്യക്തിപരമല്ലെന്നും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഓമിദിയാര്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടതാണെന്നും എല്ലാ ഇടപാടുകളും സുതാര്യവും നിയമപരവുമാണെന്നും ജയന്ത് സി ന്‍ഹ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മകനുള്‍പ്പെടെ പാരഡൈസ് പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കെതിരേയും അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഒരു മാസം അല്ലെങ്കില്‍ 15 ദിവസത്തെ കാലവിളംബം നിശ്ചയിച്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം അമിത് ഷായുടെ മകന്‍ പറഞ്ഞ അവകാശവാദങ്ങളോട് പൂര്‍ണമായും സര്‍ക്കാര്‍ ഒത്തു പോകുന്നത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ജയ് ഷാക്കെതിരെ എന്ന് അന്വേഷണം തുടങ്ങുമെന്നാണ് എന്റെ ചോദ്യം. അല്ലെങ്കില്‍ എന്തു കൊണ്ട് അന്വേഷണില്ലേ?. ജയ്ഷാക്കെതിരെ തെളിവുള്ളവര്‍ കോടതിയില്‍ പോകണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അപ്പോള്‍ അന്വേഷണം നടക്കണമെങ്കില്‍ എല്ലാവര്‍ക്കുമെതിരെ തെളിവുകള്‍ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി സിന്‍ഹ രംഗത്തെത്തിയിരുന്നു.