നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന് നഷ്ടം 3.75 ലക്ഷം കോടി
രാജ്യത്തിന്റെ സമ്പത്ത് നിലനില്‍ക്കുന്നത് ഒറ്റക്കാലില്‍
മോദിയുടെ നിലപാട് ഇന്ത്യ കള്ളന്‍മാരുടെ രാജ്യമാണെന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് നല്‍കി
അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്കും നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നേരത്തെയും യശ്വന്ത് സിന്‍ഹ രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്. സ്വന്തം കറന്‍സികള്‍ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുല്‍ത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലര്‍ പഴയ കറന്‍സികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയത് കൊണ്ടുവന്നു. എന്നാല്‍ 700 വര്‍ഷം മുന്‍പ് ഭരിച്ചിരുന്ന തുഗ്ലക്ക് പഴയ കറന്‍സി നിലനിര്‍ത്തിക്കൊണ്ട് സ്വന്തം കറന്‍സി പുറത്തിറക്കി. അതുകൊണ്ട് മുന്‍പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്‍ഹ പരിഹസിച്ചു. നോട്ട് അസാധുവാക്കലിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നത്, എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങളുടെ ശക്തി മറുപടി പറയുമെന്ന് സിന്‍ഹ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ലോക്‌സാഹി ബച്ചാവോ അഭിയാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്തയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം അറിയിക്കുന്നതിനായി മോദി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ 74-75 തവണ അദ്ദേഹം കള്ളപ്പണത്തെ കുറിച്ച് പറഞ്ഞു. വ്യാജ കറന്‍സിയും ഭീകരവാദവും അദ്ദേഹം പരാമര്‍ശിച്ചു.