ദുബൈ: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വാക്കുകള്‍ ദുബൈ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചെന്ന് പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ ശാ. വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചു വിക്കറ്റ് പ്രകടനവുമായി വേഗത്തില്‍ നൂറു ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനം പങ്കിടാന്‍ യാസിറിന് കഴിഞ്ഞിരുന്നു. പതിനേഴ് മത്സരങ്ങളില്‍ നിന്നായിരുന്നു നേട്ടം.
‘നന്മകള്‍ ആശംസിച്ചതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. വേഗത്തില്‍ 200 വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് പങ്കിടുന്ന ഒരു മഹാനായ ബൗളര്‍ അത്തരത്തില്‍ സന്ദേശമയക്കുമ്പോള്‍ പ്രചോദനം ലഭിക്കുന്നത് സ്വാഭാവികമാണ്’ അശ്വിന്റെ ട്വീറ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യാസിര്‍ ശാ.
ന്യൂസിലാന്‍ഡിനെതിരെ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വേഗത്തില്‍ 200 ടെസ്റ്റു വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുന്ന അശ്വിന്റെ വാക്കുകള്‍ യാസിറിന് ആത്മവിശ്വാസം പകരുകയും ചെയ്തു. ‘ഗുഡ് ലക്ക്. കരുത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കട്ടെ. അദ്ദേഹത്തെ (ബൗളിങ്) കണ്ടിരിക്കല്‍ ആഹ്ലാദകരമാണ്’ പാകിസ്താന്‍ – വെസ്റ്റിന്‍ഡീസ് ടെസ്റ്റിനിടെ കഴിഞ്ഞയാഴ്ച യാസിറിനെ പുകഴ്ത്തിക്കൊണ്ട് അശ്വിന്‍ ട്വീറ്റ് ചെയ്തു.
സമീപ ഭാവിയില്‍ തന്നെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് കളമൊരുങ്ങിയേക്കുമെന്നും യാസിര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയ സമ്മര്‍ദം കാരണം 2007നു ശേഷം ഇന്ത്യയും പാകിസ്താനും ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. ‘പാകിസ്താന്റേയും ഇന്ത്യയുടേയും ഓരോ കളിക്കാരും പരസ്പരം കളിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാന്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് കളിച്ചിട്ടില്ല. അതിനാല്‍ എനിക്ക് ഏതായാലും ആഗ്രഹം ഉണ്ട്’ യാസിര്‍ കൂട്ടിച്ചേര്‍ത്തു.